തുറമുഖത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഴിഞ്ഞം ലോകവിസ്മയം
തിരുവനന്തപുരം: പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനകം വിഴിഞ്ഞം തുറമുഖം ലോക സമുദ്രവ്യാപാര മേഖലയിൽ വിസ്മയമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്തഘട്ട വികസനം പൂർത്തിയാവുന്നതോടെ ചരക്കു നീക്കത്തിന്റെ അന്താരാഷ്ട്ര ഹബ്ബായി വിഴിഞ്ഞം മാറും. തുറമുഖ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തെ ഏറ്റവും വലുതും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകൾ നങ്കൂരമിട്ടതോടെ വിഴിഞ്ഞത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു. രാജ്യാന്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബാവുന്നതോടെ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലുള്ള തുറമുഖങ്ങളിലടക്കം സേവനമെത്തിക്കാൻ വിഴിഞ്ഞത്തിനാവും. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അദ്ധ്യായത്തിന് തുടക്കമാവുകയാണ്. 'ഒന്നും നടക്കാത്ത നാട്" എന്നും 'ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല" എന്നും പറഞ്ഞ് ആക്ഷേപിച്ചവർക്കുള്ള മറുപടിയാണിത്. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം ഇന്നൊരു പ്രധാന ശക്തിയായി മാറുകയാണ്. വിഴിഞ്ഞം ഒന്നാംഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽച്ചാലിൽ കേരളത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.
ആഡംബര ക്രൂയിസ് കപ്പലുകളെത്തുന്നതോടെ ടൂറിസവും വികസിക്കും. കണ്ടെയ്‌നർ ബെർത്ത് 2,000 മീറ്ററാവുന്നതോടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ ബെർത്തും വിഴിഞ്ഞത്താവും. രാജ്യത്തെ ഏറ്റവും ആഴംകൂടിയ പുലിമുട്ടാണിവിടെ. അടുത്തഘട്ട വികസനത്തിന് കടൽ നികത്തിയാണ് ഭൂമി കണ്ടെത്തുന്നത്. തുടർഘട്ടങ്ങൾ പൂർത്തിയാവുന്നതോടെ 28,840 കണ്ടെയ്നർ ശേഷിയുള്ള നെക്സ്റ്റ് ജനറേഷൻ കപ്പലുകളെയും കൈകാര്യം ചെയ്യാനാവും. പ്രതീക്ഷിച്ചതിലും 17വർഷം മുൻപ് തുടർവികസനം പൂർത്തിയാവും. 2035മുതൽ സംസ്ഥാനത്തിന് വരുമാനം കിട്ടിത്തുടങ്ങും. തുറമുഖത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യതിഥിയായി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മേയർ വി.വി.രാജേഷ്, എ.എ.റഹീം എം.പി, എം.എൽ.എമാരാരായ എം.വിൻസെന്റ്, കടകംപള്ളി സുരേന്ദ്രൻ, കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, ഒ.എസ്.അംബിക, അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി,
തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, വി.ഐ.എസ്.എൽ മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി തുടങ്ങിയവർ പങ്കെടുത്തു.