പയ്യന്നൂർ എം.എൽ.എയുടെ രാജിക്കായി പ്രക്ഷോഭം

Sunday 25 January 2026 12:00 AM IST

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തെന്ന സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. സംഘടിച്ചെത്തിയ സി.പി.എം. പ്രവർത്തകർ മാർച്ചിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്തു. കോൺഗ്രസ് പ്രവർത്തക‌ർ എം.എൽ.എ ഓഫിസ് ആക്രമിച്ചെന്ന് സി.പി.എം പ്രവർത്തകരും ആരോപിച്ചു.

പയ്യന്നൂർ സെൻട്രൽ ബസാറിലാണ് സംഘർഷമുണ്ടായത്. അക്രമത്തെ തുടർന്ന് ആറ് കോൺഗ്രസ് പ്രവർത്തകരെ പരിക്കുകളോടെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകരെയും സി.പി.എം പ്രവർത്തകർ തടഞ്ഞു. മൂന്ന് ബി.ജെ.പി. പ്രവർത്തകരെ താലൂക്ക് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സി.പി.എം പ്രവർത്തകരുടെ കൈയേറ്റമെന്ന് കോൺഗ്രസ്, ബി.ജെ.പി പ്രവ‌ർത്തകർ ആരോപിച്ചു.

ആരോപണവിധേയനായ എം.എൽ.എയുടെ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. പാവപ്പെട്ട അണികളെ വഞ്ചിച്ച നേതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ സമരം തുടരുമെന്ന് ബി.ജെ.പി ജില്ലാ നേതൃത്വവും പറഞ്ഞു.

സർക്കാർ നടപടിയെടുക്കണം: വി.‌ഡി.സതീശൻ

തിരുവനന്തപുരം: രക്തസാക്ഷിയുടെ പേരിൽ പണം പിരിച്ച് തട്ടിപ്പ് നടത്തിയതിൽ സർക്കാർ നിയമപരമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. പയ്യന്നൂരിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം, എം.എൽ.എയ്‌ക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. പാർട്ടിക്കും സർക്കാരിനും പരാതി നൽകിയിട്ടും ഗുരുതരമായ ക്രമക്കേടിൽ കേസെടുത്തില്ല. തെളിവുകൾ സഹിതം ആരോപണം ഉന്നയിച്ചിട്ടും പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി സതീശൻ പറഞ്ഞു.