അതിവേഗ റെയിവേ: ഭൂമി ഏറ്റെടുക്കൽ കുറവ്
പൊന്നാനി: അതിവേഗ റെയിൽവേപാത നിർമ്മിക്കാൻ കുറഞ്ഞ തോതിലേ ഭൂമി ഏറ്റെടുക്കേണ്ടതുള്ളൂവെന്ന് ഇ.ശ്രീധരൻ വ്യക്തമാക്കി. തുരങ്കപാതയുള്ളയിടങ്ങളിൽ ഭൂമി ഏറ്റെടുക്കേണ്ട. എലവേറ്റഡ് പാതയുള്ളയിടങ്ങളിൽ 20 മീറ്റർ വീതിയിൽ ഭൂമി മതി. നിർമ്മാണത്തിനുശേഷം, നിബന്ധനകളോടെ കൃഷിക്കോ മേച്ചിൽപ്പുറത്തിനോ വേണ്ടി ഉടമകൾക്ക് പാട്ടത്തിന് ഭൂമി തിരികെ നൽകാം. അതിനാൽ, ഭൂമി ഏറ്റെടുക്കുന്നതിനുള്ള എതിർപ്പ് കുറയും. കൊങ്കൺ റെയിൽവേ മാതൃകയിൽ പാതയ്ക്ക് ധനസഹായം ലഭിക്കും. റെയിൽവേയുടെ 51 ശതമാനം വിഹിതവും സംസ്ഥാനത്തിന്റെ 49 ശതമാനം വിഹിതവും ഉൾപ്പെടുന്ന ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കൽ രൂപീകരിക്കും. ഭൂമിയുടെ ചെലവ് സബോർഡിനേറ്റ് കടം വഴിയായിരിക്കും. നഞ്ചൻകോട് റെയിൽവേപാത ഈ വർഷത്തെ ബഡ്ജറ്റിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കാണാൻ പോയപ്പോഴാണ് അതിവേഗ റെയിൽപാത സംബന്ധിച്ച് ധാരണയായതെന്നും ഇ.ശ്രീധരൻ പറഞ്ഞു.