ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയ നടപടി തുടങ്ങി, ആദ്യ പട്ടിക അടുത്ത മാസം
തിരുവനന്തപുരം: വിജയ സാദ്ധ്യതയുള്ള നിയമസഭാ മണ്ഡലങ്ങളിൽ മുൻകൂട്ടി സ്ഥാനാർത്ഥികളെ നിർണ്ണയിച്ച് പ്രചരണം തുടങ്ങാൻ ബി.ജെ.പി തീരുമാനം.ആദ്യ സാധ്യതാപട്ടിക ഫെബ്രുവരി ആദ്യവാരം കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തിനയയ്ക്കും. പുതിയ ദേശീയ പ്രസിഡന്റ് ചുമതലയേറ്റതിനു പിന്നാലെ, പാർട്ടി പുനഃസംഘടന നടത്താറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേരളത്തിൽ അതുണ്ടാകില്ല.തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തി ചില ജില്ലകളിലും മണ്ഡലങ്ങളിലും മാറ്റം വരുത്തണമെന്ന നിർദ്ദേശമുണ്ട്. തിരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രിയും കർണ്ണാടക നേതാവുമായ ശോഭാ കാരന്ത് ലാജെയ്ക്കും മഹാരാഷ്ട്ര മുൻ സംഘടനാ സെക്രട്ടറി വിനോദ് ദഡ്തേയ്ക്കും നൽകിയിട്ടുണ്ട്. പ്രഭാരി പ്രകാശ് ജാവദേക്കർ, സഹ പ്രഭാരി അപരാജിത സാരംഗി എന്നിവരും നേതൃത്വം നൽകും.സംസ്ഥാന ഭാരവാഹികളിൽ സംഘടനാ ചുമതലയുള്ള അഡ്വ. എസ്. സുരേഷ് ഒഴികെയുള്ളവർ സ്ഥാനാർത്ഥികളായേക്കും.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമത്തും വൈസ് പ്രസിഡന്റുമാരിൽ ആർ. ശ്രീലേഖ വട്ടിയൂർക്കാവിലും പി.സുധീർ ആറ്റിങ്ങലിലും ഷോൺ ജോർജ്ജ് പാലായിലും മത്സരിച്ചേക്കും.
സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ എം.ടി.രമേശ് ചെങ്ങന്നൂരിലും ശോഭാസുരേന്ദ്രൻ കായംകുളത്തും അനൂപ് ആന്റണി തിരുവല്ലയിലും മത്സരിക്കാൻ സാധ്യത.
തിരുവനന്തപുരം സോൺ പ്രസിഡന്റും മുൻ കൊല്ലം ജില്ലാ പ്രസിഡന്റുമായ ബി.ബി.ഗോപകുമാർ ചാത്തന്നൂരിലും തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ് ചിറയിൻകീഴിലും മത്സരിക്കാൻ സാദ്ധ്യത.
മുൻ സംസ്ഥാന പ്രസിഡന്റുമാരായ വി.മുരളീധരൻ കഴക്കൂട്ടത്തും കെ.സുരേന്ദ്രൻ പാലക്കാട്ടും കുമ്മനം രാജശേഖൻ ആറൻമുളയിലും മത്സരിക്കും.
മുൻതൂക്കമുള്ള മഞ്ചേശ്വരത്ത് കാസർകോട് ജില്ലാ പ്രസിഡന്റ് ബി. എൽ. അശ്വിനിയെ നിറുത്തിയേക്കും.തിരുവനന്തപുരം സെൻട്രലിൽ നടൻ കൃഷ്ണകുമാറിനെ പരിഗണിക്കുന്നുണ്ട്. പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിൽ നിന്ന് കൂത്തുപറമ്പിലേക്ക് മാറാൻ ആലോചിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നോബിൾ മാത്യുവിനെയാണ് പരിഗണിക്കുന്നത്. പാർട്ടിക്ക് കരുത്ത് വർദ്ധിച്ച തൃശ്ശൂരിലും കോഴിക്കോട്ടും കൊല്ലത്തും തൃപ്പൂണിത്തുറയിലും കോന്നിയിലും കൊടുങ്ങല്ലൂരിലും ഒല്ലൂരിലും തീരുമാനമായിട്ടില്ല.ട്വന്റി 20 മുന്നണിയിലേക്ക് വന്നത് ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തെ സ്വാധീനിക്കും.