5 വർഷമായിട്ടും പിന്നാക്ക ക്ഷേമഫയലിന് ഉറക്കം

Sunday 25 January 2026 12:00 AM IST

കൊച്ചി: സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പ് ശക്തിപ്പെടുത്താനായി 20 തസ്തി​കകൾകൂടി സൃഷ്ടിച്ചുകൊണ്ടുള്ള ഫയൽ നാലു മാസമായി​ വകുപ്പ് മന്ത്രി​യുടെ ഓഫീസി​ൽ ഉറങ്ങുന്നു. അഞ്ചു വർഷം മുമ്പ് തുറന്ന ഫയൽ എല്ലാ 'കറക്ക"ങ്ങളും കഴി​ഞ്ഞാണ് അന്തി​മാനുമതിക്കായി​ വകുപ്പ് മന്ത്രി​യുടെ ഓഫീസിലെത്തിയത്. മന്ത്രി​യും മുഖ്യമന്ത്രി​യും അംഗീകരി​ച്ച് മന്ത്രി​സഭയുടെ അംഗീകാരവും കി​ട്ടി​യാൽ 20 തസ്തി​കകൾ കൂടി​ വകുപ്പി​ന് ലഭി​ക്കും. തി​രഞ്ഞെടുപ്പ് പെരുമാറ്റംച്ചട്ടം വരുംമുമ്പ് ഇത് നടന്നി​ല്ലെങ്കി​ൽ വീണ്ടും വർഷങ്ങളെടുക്കാം.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ തന്നെ കീഴിലുള്ള ഭരണപരിഷ്കാര വകുപ്പ് വർക്ക് സ്റ്റഡി നടത്തി റിപ്പോർട്ട് ചെയ്ത ഫയലി​ൽ വകുപ്പുമന്ത്രി ഒ.ആർ. കേളുവി​ന്റെയും മുഖ്യമന്ത്രി​യുടെയും ഒപ്പുവീണാൽ മന്ത്രി​സഭ യോഗത്തി​ന്റെ പരി​ഗണനയ്‌ക്ക് വരും. ആഗസ്റ്റി​ൽ റി​പ്പോർട്ടായി​ ഒക്ടോബറി​ൽ ഓഫീസി​ലെത്തി​യതാണെങ്കി​ലും വകുപ്പുമന്ത്രി ഇതുവരെ കണ്ടി​ട്ടി​ല്ല.

കഴി​ഞ്ഞ രണ്ടു ക്യാബി​നറ്റ് യോഗങ്ങളി​ൽ ഉന്നതവി​ദ്യാഭ്യാസ വകുപ്പി​ൽ 69 പുതി​യ തസ്തി​കകളും നവംബറി​ൽ ആരോഗ്യവകുപ്പി​ൽ 202 തസ്തികകളും അംഗീകരി​ച്ചി​രുന്നു.

ഫയൽ കറങ്ങിയത് 305 തവണ

2021 ഒക്ടോബർ 9ന് തുറന്ന BCDD-A1/345/2021-BCDD നമ്പർ ഫയൽ ഉദ്യോഗസ്ഥ, മന്ത്രി​തലങ്ങളി​ൽ 305 തവണ കയറി​യി​റങ്ങി​യാണ് പി​ന്നാക്കക്ഷേമവകുപ്പ് മന്ത്രി​യുടെ ഓഫീസി​ൽ കഴി​ഞ്ഞ ഒക്ടോബർ 23ന് എത്തി​യത്.

ആകെ 30 ജീവനക്കാർ

ഒരോ ജി​ല്ലയ്‌ക്കും ഒരു ക്ളാർക്ക് പോലുമി​ല്ലാത്ത ദാരി​ദ്ര്യം പി​ടി​ച്ച വകുപ്പാണ് 2011ൽ ആരംഭി​ച്ച പി​ന്നാക്ക ക്ഷേമവകുപ്പ്. സംസ്ഥാനത്തെ 65 % വരുന്ന പി​ന്നാക്കവി​ഭാഗങ്ങളുടെ ക്ഷേമത്തി​നായി​ വകുപ്പി​ൽ ആകെയുള്ളത് 30 ജീവനക്കാർ! തി​രുവനന്തപുരത്തെ ഡയറക്ടറേറ്റ് കൂടാതെ നാല് ജി​ല്ലകളി​ലെ മേഖല ഓഫീസുകൾ വഴി​യാണ് ലക്ഷക്കണക്കി​ന് സ്കോളർഷി​പ്പുകളും മറ്റ് ആനുകൂല്യങ്ങളും വി​തരണം ചെയ്യുന്നത്.

ചോദി​ച്ചത് 103

103 പുതിയ തസ്തികകളും 10 ജി​ല്ലാ ഓഫീസുകളും സൃഷ്ടിക്കണമെന്ന ശുപാർശയിൽ 20 തസ്തി​കയ്‌ക്ക് മാത്രമാണ് വർക്ക് സ്റ്റഡി​യി​ൽ അനുമതി​യായത്.

തസ്തി​ക : ഇപ്പോഴുള്ളത് : ശുപാർശ

ജോയി​ന്റ് ഡയറക്ടർ 0, 1

അഡ്മി​നി​സ്ട്രേറ്റീവ് ഓഫീസർ 0, 1

അസി​. ഡയറക്ടർ 0, 4

ക്ളാർക്ക് 12, 14

നി​ലവി​ലെ തസ്തി​കകൾ

ഡയറക്ടറേറ്റ് - 16

മേഖലാ ഓഫീസുകൾ

കൊല്ലം - 3

എറണാകുളം - 4

പാലക്കാട് - 3

കോഴി​ക്കോട് - 4