20 കോടിയുടെ ഭാഗ്യശാലി കാണാമറയത്ത്
തിരുവനന്തപുരം/ കോട്ടയം: ഭാഗ്യം വീണ്ടും കൈപിടിച്ചെങ്കിലും ക്രിസ്മസ്- പുതുവത്സര ബമ്പറിന്റെ 20 കോടിയുടെ ഒന്നാം സമ്മാനാർഹനെ തേടുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയും ലോട്ടറി ഏജന്റുമായ സുധീക്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂലക്കി സെന്ററിൽ വിറ്റ XC 138455 നമ്പർ ടിക്കറ്റിനാണ് 20 കോടി അടിച്ചത്.
രണ്ടുമാസം മുൻപ് ഇവിടെ നിന്നു വിറ്റ ടിക്കറ്റാണിത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആരാണ് എടുത്തതെന്ന് അറിയില്ലെന്നും, കാഞ്ഞിരപ്പള്ളിയിലുള്ള ആളുതന്നെയാകാനാണ് സാദ്ധ്യതയെന്നും സുധീക് പറയുന്നു. മൂന്നു വർഷം മുൻപ് ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം സുധീക് വിറ്റ ടിക്കറ്റിനായിരുന്നു. അതിന് പിന്നാലെയാണ് ക്രിസ്മസ് ബമ്പർ നേട്ടം. 35 വർഷമായി റീട്ടെയിലായി ലോട്ടറിക്കച്ചവടം നടത്തുകയാണ് സുധീക്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ്. ലോട്ടറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജി ജയകുമാർ നേതൃത്വം നൽകി. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പർ വരുന്ന മറ്റ് ഒൻപത് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.