സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ഇന്ന്

Sunday 25 January 2026 12:26 AM IST

തിരുവനന്തപുരം: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം ഇന്ന് വൈകിട്ട് 6:30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി.ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും.

മമ്മൂട്ടി,ടൊവീനോ തോമസ്,ആസിഫ് അലി,വേടൻ,ഷംല ഹംസ,ലിജോമോൾ ജോസ്,ജ്യോതിർമയി,സൗബിൻ ഷാഹിർ,സിദ്ധാർഥ് ഭരതൻ,ചിദംബരം,ഫാസിൽ മുഹമ്മദ്,സുഷിൻ ശ്യാം,സമീറ സനീഷ്,സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിക്കും.

പുരസ്‌കാര സമർപ്പണച്ചടങ്ങിനുശേഷം മികച്ച പിന്നണിഗായകർക്കുള്ള പുരസ്‌കാരജേതാക്കളായ കെ.എസ്.ഹരിശങ്കർ,സെബ ടോമി എന്നിവർ നയിക്കുന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.ചലച്ചിത്ര അവാർഡുകളുടെ സമ്പൂർണ വിവരങ്ങൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ജി.ആർ.അനിലിന് നൽകിക്കൊണ്ട് നിർവ്വഹിക്കും. ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ ഡോ.റസൂൽ പുക്കുട്ടി ആമുഖപ്രഭാഷണം നടത്തും. ജൂറി ചെയർപേഴ്സണും നടനുമായ പ്രകാശ് രാജ് ചലച്ചിത്രവിഭാഗം ജൂറി റിപ്പോർട്ട് അവതരിപ്പിക്കും.സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ.എസ്.അയ്യർ ജെ.സി ഡാനിയേൽ ജൂറി റിപ്പോർട്ട് അവതരിപ്പിക്കും.