വരന്റെ വീട്ടിലെത്തും മുമ്പ് വധു പിണങ്ങി, വീട്ടിൽ കയറാതെ തിരിച്ചുപോയ സംഭവം: നാടിനെ ഞെട്ടിച്ച് വൻ ട്വിസ്റ്റ്

Tuesday 15 October 2019 8:38 AM IST

തളിപ്പറമ്പ് : വിവാഹത്തിന് മുമ്പും അതു കഴിഞ്ഞും കാമുകന്മാർക്കൊപ്പം ഒളിച്ചോടിയവരെക്കുറിച്ചുള്ള കഥകൾ പലതുണ്ട്. എന്നാൽ വിവാഹ കഴിഞ്ഞ് വരന്റെ വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ച് പിണങ്ങിയശേഷം നിർമ്മാണത്തൊഴിലാളിയായ കാമുകനൊപ്പം പോയി നടിനെ ഞെട്ടിച്ചിരിക്കുകയാണ് പയ്യന്നൂർ സ്വദേശിനി.

ഒരു വർഷം മുമ്പാണ് ദുബായിൽ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശിയുമായി പയ്യന്നൂർ കോറോത്തെ യുവതിയുടെ വിവാഹം നിശ്ചയിച്ചത്. തുടർന്ന് ദുബായ‌്ക്കാരൻ സമ്മാനിച്ച മൊബൈൽ ഫോണിലൂടെ ഇരുവരും നിരന്തരം സംസാരിച്ചിരുന്നു. വിവാഹത്തിനായാണ് യുവാവ് കഴിഞ്ഞ മാസം നാട്ടിലെത്തിയത്. ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂരിലെ ആഡിറ്റോറിയത്തിൽ ആർഭാടമായി നടന്നു.

പിന്നെയാണ് ട്വിസ്റ്റ്. വിവാഹം കഴിഞ്ഞ് വണ്ണാരപ്പാറയിലെത്തിയ യുവതി വരന്റെ വീട്ടിൽ കയറില്ലെന്ന് വാശി പിടിച്ചു. തുടർന്ന് ബന്ധുക്കളോടൊപ്പം തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടായി. ഇതോടെ പ്രശ്‌നം പൊലീസിന് മുന്നിലെത്തി. എസ്.ഐ കെ.പി. ഷൈൻ യുവതിയോട് സംസാരിച്ചുവെങ്കിലും അവർ തീരുമാനത്തിൽ ഉറച്ച് നിന്നു. തുടർന്ന് താലിമാല തിരിച്ചു തരണമെന്നായി വരന്റെ വീട്ടുകാർ. മാല ഊരി നൽകിയ യുവതി, തനിക്ക് പട്ടാമ്പിക്കാരനായ കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് പൊലീസിനോട് പറഞ്ഞു. ഇതിനിടെ തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു.

തുടർന്ന് പട്ടാമ്പിയിലുള്ള കാമുകനെ പൊലീസ് ബന്ധപ്പെട്ടപ്പോൾ രണ്ടു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധപ്പെട്ടതെന്നും പ്രണയത്തിലാണെന്നും അയാൾ പറഞ്ഞു. വൈകിട്ടോടെ കാമുകനും അമ്മയും ബന്ധുക്കളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി യുവതിയുമായി മടങ്ങി.