തൊഴിൽ ഉറപ്പാക്കാൻ ഡാറ്റ ബാങ്ക് തയ്യാർ
കൊല്ലം: ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കാൻ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജനയുടെ (ഡി.ഡി.യു.ജി.കെ.വൈ) ഭാഗമായുള്ള ഡാറ്റാ ശേഖരണം പൂർത്തിയായി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ വീടുകൾ തോറും നടത്തിയ സർവേയിൽ കണ്ടെത്തിയ 300 ഓളം ഉദ്യോഗാർത്ഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
ഇവർക്കുള്ള പരിശീലനം ഈ മാസം ആരംഭിക്കും. സി.ഡി.എസിലെ ഡി.ഡി.യു.ജി.കെ.വൈ റിസോഴ്‌സ് പേഴ്‌സൺമാർ മുഖേന കഴിഞ്ഞ ജൂലായിലാണ് വിവരശേഖരണം ആരംഭിച്ചത്. കടയ്ക്കൽ, ചിതറ, കരുനാഗപള്ളി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പരിശീലനം. കുടുംബശ്രീ വഴി തിരഞ്ഞെടുത്ത തൊഴിൽ ദാതാക്കളായ ഏജൻസികൾക്ക് ഈ വിവരം വിനിയോഗിച്ച് അനുയോജ്യമായ ഉദ്യോഗാർഥികളെ കണ്ടെത്താൻ കഴിയും. ഐ ടി, ഹോട്ടൽ മാനേജ്‌മെന്റ്, എയർ ലൈൻ ക്യാബിൻ ക്രു, ഗ്രൗണ്ട് സ്റ്റാഫ്, മെഷീൻ ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, പ്‌ളംബർ, ഓട്ടോ മൊബൈൽ, മൊബൈൽ ടെക്‌നീഷ്യൻ, ഒപ്ടിക്കൽ ഫൈബർ, ആരോഗ്യ മേഖല, ടെലിഫോണിക് മേഖല, ലോജിസ്റ്റിക്‌സ് തുടങ്ങി നിരവധി മേഖലകളിലാണ് കുടുംബശ്രീ വഴി അവസരങ്ങൾ ലഭ്യമാക്കുന്നത്.
സർവം സൗജന്യം
മെച്ചപ്പെട്ട സ്ഥിരവരുമാനം ഉറപ്പാക്കി മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും
3 മുതൽ 9 മാസം വരെയാണ് കോഴ്‌സ് കാലാവധി.
എല്ലാ കോഴ്‌സുകളിലും വനിത, പട്ടിക ജാതി, പട്ടിക വർഗ്ഗ സംവരണം നിർബന്ധം
88 ശതമാനം വരെ പൊതുവിഭാഗത്തിനും 12 ശതമാനം പട്ടിക ജാതി, വർഗ്ഗ മേഖലയ്ക്കും
കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കാൻ പിന്തുണയും സെക്ടർ സ്‌കിൽ കൗൺസിൽ സർട്ടിഫിക്കറ്റും
എസ് എസ് എൽ സി മുതൽ ബിരുദം, പ്രൊഫഷണൽ വിദ്യാഭ്യസം ഉള്ളവർക്ക് യോഗ്യത അനുസരിച്ചുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാം
കോഴ്‌സ്, താമസം, ഭക്ഷണം, യൂണിഫോം തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യം