സിബിൽ സ്‌കോർ വേണ്ട, രേഖകൾ സമർപ്പിക്കേണ്ട,​ ഒറ്റ ക്ലിക്കിൽ ലോൺ പാസാകും; പക്ഷേ പിന്നീട് സംഭവിക്കുന്നത്

Sunday 25 January 2026 1:18 AM IST

കോട്ടയം : പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത അനധികൃത ലോൺ, ട്രേഡിംഗ് ആപ്പുകൾ സജീവമാകുന്നതായി സൈബർ പൊലീസിന്റെ മുന്നറിയിപ്പ്. സിബിൽ സ്‌കോർ വേണ്ട, രേഖകൾ സമർപ്പിക്കുന്നതിന്റെ നൂലാമാലകളില്ല, ബാങ്കിൽ പോയി കാത്തിരിക്കേണ്ട. ഒറ്റ ക്ലിക്കിൽ ലോൺ പാസാകും. മൊബൈൽ ലോൺ ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത് ഇക്കാരണങ്ങളാണ്. കുറേ നാളുകളായി ലോൺ ആപ്പിന്റെ പേരിലുള്ള തട്ടിപ്പുകൾ കുറഞ്ഞിരുന്നു. പൊലീസ് നിരീക്ഷണം കുറഞ്ഞതോടെയാണ് വീണ്ടും തലപൊക്കിയത്. 10 മിനിറ്റ് കൊണ്ടു പണം ലഭിക്കുമെന്നതാണ് വാഗ്ദാനം. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ തട്ടിപ്പു സംഘം ഫോൺ സംബന്ധിച്ച പലവിധ അനുമതികൾ നേടും. പിന്നെ ആധാർ കാർഡും പാൻ നമ്പറും മേൽവിലാസവും ചോദിക്കും. മിനിറ്റുകൾക്കുള്ളിൽ വായ്പ നൽകും. ഒരാഴ്ചയാണ് തിരിച്ചടവിനുള്ള സമയം. 7 ദിവസത്തേക്ക് 800 മുതൽ 1,500 രൂപ വരെയാണ് പലിശ. വായ്പ ആവശ്യമുള്ള പക്ഷം സർക്കാർ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും ആശ്രയിക്കണമെന്നാണ് സൈബർ പൊലീസ് നിർദ്ദേശം.

മാനവും പണവും പോകും

പണം നൽകിയില്ലെങ്കിൽ ആദ്യം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തും. അടുത്ത ഘട്ടം കോൺടാക്ട് ലിസ്റ്റിലുള്ളവരുടെ വാട്സ് ആപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതാണ്. തിരിച്ചടച്ചില്ലെങ്കിൽ ഫോണിൽ നിന്നു തട്ടിയെടുത്ത ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യും. ഭയന്ന് പലരും ചോദിക്കുന്ന പണം നൽകും. ചിലർ പൊലീസിനെ സമീപിക്കും. വ്യാജ സെർവറുകളിൽ നിന്നാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നതെന്നതിനാൽ ഇവരെ പിടികൂടുക എളുപ്പമല്ല.

''ലോൺ ആപ്പിൽ തലവച്ചവരുടെ പരാതികൾ കൂടുകയാണ്. വീട്ടമ്മമാർ, കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവർ പരാതിക്കാരാണ്.

-സൈബർ പൊലീസ്

സഹായത്തിനുണ്ട് സൈബർ പട്രോൾ യൂണിറ്റ്

സ്പൈ സോഫ്റ്റ്‌വെയറുകൾ നീക്കം ചെയ്‌ത് ഫോൺ സുരക്ഷ പുനഃസ്ഥാപിച്ച് നൽകും

ലോൺ ആപ്പുകൾ പണം സ്വീകരിക്കുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കും

 സാങ്കേതിക തെളിവുകൾ ശേഖരിച്ച് ബന്ധപ്പെട്ട സൈബർ പൊലീസ് സ്റ്റേഷനുകൾക്കു കൈമാറും

മാനസിക സമ്മർദത്തിലായ ഇരകൾക്ക് കൗൺസലിംഗ് അടക്കം ഒരുക്കി നൽകും

ഇരയായാൽ വിളിക്കാം : 1930