ലൈസൻസ് റദ്ദാക്കൽ, നിയമഭേദഗതി അതേപടി നടപ്പാക്കാൻ സംസ്ഥാനം

Sunday 25 January 2026 1:27 AM IST

തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി കഴിഞ്ഞ 21നാണ് നിയമം പരിഷ്കരിച്ചത്. അവ അതേപടി നടപ്പാക്കാനാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയുടെ അനുവാദത്തോടെ മോട്ടോർ വാഹന വകുപ്പിന് കസ്റ്റഡിയിലെടുക്കാൻ കഴിയുന്നതടക്കമാണ് വ്യവസ്ഥകൾ. ഇതേക്കുറിച്ച് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.

ജനുവരി ഒന്നുമുതൽ നിയമഭേദഗതി പ്രാബല്യത്തിലായി. ഒരാൾക്ക് ഒരു വർഷത്തിനുള്ളിൽ 5 ചെലാനോ അതിലധികമോ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുമെന്നതാണ് പ്രധാന വ്യവസ്ഥ. ഒരു ചെലാൻ ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. ചെലാൻ കുടിശികയുള്ള വാഹനങ്ങൾ, അത് അടയ്ക്കുന്നതുവരെ വകുപ്പ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനാകും.

കുടിശിക വന്നാൽ

കരിമ്പട്ടികയിൽ

1. പിഴ ചെലാൻ കുടിശികയുള്ള വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. നികുതി അടയ്ക്കൽ ഒഴികെ, പരിവാഹൻ സൈറ്റിൽ മറ്റ് യാതൊരു സേവനങ്ങളും അനുവദിക്കില്ല. വിലാസമാറ്റം, ഉടമസ്ഥാവകാശ മാറ്റം, വാഹന വർഗമാറ്റം, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സേവനങ്ങളും ലഭ്യമാകില്ല

2.നിയമലംഘനം നടത്തിയ വാഹനത്തിന്റെ ആർ.സി ഉടമയ്‌ക്കെതിരെയാകും നിയമനടപടികൾ. മറ്റാരെങ്കിലുമാണ് ഓടിച്ചതെങ്കിൽ അത് തെളിയിക്കാനുള്ള ബാദ്ധ്യത വാഹന ഉടമയ്ക്കാണ്

3.ഒരു വ്യക്തിക്ക് ചെലാൻ ചോദ്യം ചെയ്യണമെങ്കിൽ അയാൾതന്നെ കോടതിയെ സമീപിക്കണം. നിയമം ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത അതത് വ്യക്തിക്കായിരിക്കും