എം.ബി.ബി.എസുകാരുടെ കുത്തകയല്ല പേരിനൊപ്പം 'ഡോക്ടർ': ഹൈക്കോടതി
ഐ.എം.എയുടെ അടക്കം ഹർജി തള്ളി
കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ 'ഡോക്ടർ" എന്ന് ചേർക്കുന്നതും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതും വിലക്കണമെന്ന ഹർജികൾ ഹൈക്കോടതി തള്ളി. രോഗപ്രതിരോധം,രോഗശമനം,പുനരധിവാസം,ആരോഗ്യപ്രവർത്തനം തുടങ്ങിയ മേഖലകളിൽ സേവനം നൽകാൻ ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് അർഹതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമാണ് ഹർജിക്കാർ.
നാഷണൽ മെഡിക്കൽ കൗൺസിൽ നിയമത്തിന്റെ ഷെഡ്യൂളിലെയും കരിക്കുലത്തിലെയും ചില വ്യവസ്ഥകൾ വ്യാഖ്യാനത്തിലൂടെ പരിമിതപ്പെടുത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. പാർലമെന്റ് പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ ഇത്തരത്തിൽ പരിമിതപ്പെടുത്താൻ കോടതികൾ തയ്യാറാകാറില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഫിസിയോ തെറാപ്പിസ്റ്റുകളെയും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളെയും മെഡിക്കൽ പ്രൊഫഷണലുകളെ സഹായിക്കുന്ന ഒരു വിഭാഗമായി ചുരുക്കാനുള്ള കാരണങ്ങളില്ലെന്നും കോടതി പറഞ്ഞു.
നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ ആക്ട് പ്രകാരം മൂന്ന് മുതൽ ആറ് വരെ വർഷം നീളുന്ന പഠനത്തിലൂടെയും 3,600 മണിക്കൂറിലധികം നീളുന്ന പരിശീലനത്തിലൂടെയുമാണ് ഇവർ ബിരുദം നേടുന്നത്. ഇവർക്ക് ആരോഗ്യ സേവനങ്ങൾ നൽകാമെങ്കിലും അലോപ്പതി മരുന്നുകൾ കുറിക്കാനോ ചികിത്സിക്കാനോ അനുവാദമില്ല.
ഫിസിയോതെറാപ്പിസ്റ്റുകൾ പേരിനൊപ്പം 'ഡോക്ടർ" എന്ന് ചേർക്കുന്നതിനെതിരായ വാദവും നിലനിൽക്കില്ല. കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ടിലെ 40-ാം വകുപ്പും ഇത്തരമൊരു അവകാശം നൽകുന്നില്ല. എൻ.സി.എ.എച്ച്.പി ആക്ട് നിലവിൽ വരുന്നതിന് മുമ്പുള്ള കോടതിവിധികൾ ഈ കേസിൽ ബാധകമല്ലെന്നും ഹൈക്കോടതി വിശദീകരിച്ചു.
'ഡോക്ടർ" എന്നാൽ
അദ്ധ്യാപകൻ
മെഡിക്കൽ കൗൺസിൽ നിയമത്തിലോ അനുബന്ധ നിയമങ്ങളിലോ മെഡിക്കൽ പ്രൊഫഷണലുകൾക്ക് മാത്രമായി 'ഡോക്ടർ" എന്ന പദവി നിജപ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 'അദ്ധ്യാപകൻ" എന്നർത്ഥമുള്ള 'ഡോക്ടർ" എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഈ പദം ഉണ്ടായത്. പതിമൂന്നാം നൂറ്റാണ്ടിൽ യൂറോപ്യൻ സർവകലാശാലകളിൽ നിയമം,തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഉന്നതപഠനം പൂർത്തിയാക്കിയവർക്ക് നൽകിയിരുന്ന പദവിയാണിത്. പത്തൊൻപതാം നൂറ്റാണ്ടോടെയാണിത് വൈദ്യശാസ്ത്ര മേഖലയുമായി ബന്ധിപ്പിക്കപ്പെട്ടത്. അതിനാൽ 'ഡോക്ടർ" എന്നത് മെഡിക്കൽ പ്രൊഫഷണലുകളുടെ മാത്രമാണെന്ന വാദം തെറ്റാണ്.
ഡോക്ടർ എന്ന വാക്ക് ആർക്കൊക്കെ ഉപയോഗിക്കാമെന്നുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു
ഡോ. ശ്രീജിത് നമ്പൂതിരി, പ്രസിഡന്റ്,
ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ്സ് കേരള ഘടകം