നാട്ടുകാർ തടഞ്ഞുവച്ച് കൈമാറിയ തമിഴ്നാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ മരിച്ചു
Sunday 25 January 2026 1:31 AM IST
കാക്കനാട്: തൃക്കാക്കര പൊലീസ് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത തമിഴ്നാട് ഡിണ്ടിഗൽ ഏവള്ളൂർ സ്വദേശി ബാബുരാജ് (50) ഇന്നലെ പുലർച്ചെ 4ന് മരിച്ചു. മൂന്നു മണിയോടെ ഇയാൾക്ക് സ്റ്റേഷനിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാത്രി 11ന് കാക്കനാട് ചെമ്പുമുക്ക് പള്ളിക്ക് സമീപം ദുരൂഹമായി കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യങ്ങൾക്ക് ഇയാൾ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. തൃക്കാക്കര സഹകരണ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
ഡിണ്ടിഗലിലുള്ള ബന്ധുക്കൾ ഇന്നലെ തൃക്കാക്കരയിൽ എത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.