ആശാൻ സ്മാരക പുരസ്‌കാരം പ്രൊഫ. കെ.വി. രാമകൃഷ്ണന്
തിരുവനന്തപുരം: ചെന്നൈയിലെ ആശാൻ സ്മാരക അസോസിയേഷൻ മലയാള കവിതാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2025ലെ ആശാൻ സ്മാരക കവിതാ പുരസ്‌കാരം പ്രൊഫ. കെ.വി.രാമകൃഷ്ണന്. 50,000 രൂപയും പ്രശസ്ത കലാകാരൻ കൂടല്ലൂർ അച്യുതൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കാവ്യാസ്വാദകരും സാഹിത്യപ്രേമികളും നൽകിയ നാമനിർദ്ദേശങ്ങളുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.കെ.രവി തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രൊഫ. തോമസ് മാത്യു, പി.വി. കൃഷ്ണൻ നായർ, ഡോ. കെ.എസ്. രവികുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
കവിതയുടെ രചനാപരമായ അംശങ്ങളിൽ പാരമ്പര്യത്തിന്റെ മികവുകളെ നവീനമായ കാവ്യബോധവുമായി സമന്വയിപ്പിച്ച കവിയാണ് കെ.വി. രാമകൃഷ്ണനെന്ന് ജൂറി വിലയിരുത്തി. വാർത്താസമ്മേളനത്തിൽ പ്രൊഫ. പി.വി. കൃഷ്ണൻ നായർ, പി.കെ. ഭരതൻ എന്നിവരും പങ്കെടുത്തു.