ആർ.സി.സിയിൽ മരുന്ന് മാറി നൽകിയതിൽ നടപടി വൈകരുത്
തിരുവനന്തപുരം : ആർ.സി.സിയിൽ തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറിനുള്ള മരുന്ന് പാക്കറ്റിൽ ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിൽ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമ നടപടികൾ കാലതാമസം കൂടാതെ നിയമാനുസൃതം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.ക്യാൻസർ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കഴിഞ്ഞവർഷം ജൂലായ് ഒമ്പതിന് ഫാർമസിയിൽ ലഭിച്ച കുറിപ്പടി പ്രകാരം റ്റെമോസോളമൈഡ് 100 എം.ജി എന്ന മരുന്ന് രോഗിക്ക് നൽകാനായി റാക്കിൽ നിന്നെടുത്തപ്പോൾ 5 ഗുളിക വീതമുള്ള 10 പാക്കറ്റിന്റെ ഒരു സെറ്റിൽ 2 പാക്കറ്റിൽ എറ്റോപോസൈഡ് 50 എം.ജി എന്ന ലേബൽ കണ്ടതായി ആർ.സി.സി ഡയറക്ടർ കമ്മിഷനെ അറിയിച്ചു. ഒരു മരുന്നിന്റെ പാക്കറ്റിൽ മറ്റൊരു മരുന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് 5 ബോട്ടിലുകൾ ഡ്രഗ്സ് കൺട്രോളർ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സിറ്റിംഗിൽ ഹാജരായ ഡ്രഗ്സ് കൺട്രോളർ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു. തുടർന്നാണ് ആർ.സി.സി. ഡയറക്ടർക്ക് കമ്മിഷൻ ഉത്തരവ് നൽകിയത്.