1.75 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: ഓൺലൈനിലൂടെ 1.75 കോടി രൂപ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. മഞ്ചേരി സ്വദേശി സുഫൈൽ മുക്താർ പുതിയകളത്തെയാണ് (30) തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പലരിൽ നിന്ന് ഓൺലൈനിലൂടെ തട്ടിയെടുക്കുന്ന തുക എ.ടി.എമ്മിലൂടെയും ചെക്കിലൂടെയും പണമാക്കി മാറ്റിയതിനുശേഷം അത് ക്രിപ്റ്റോ ഇടപാടുകളിലൂടെ വിദേശരാജ്യങ്ങളിലേക്ക് അയക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുത്തതിനാണ് ഇയാൾ അറസ്റ്റിലായത്. ഇതിനുപുറമേ നാട്ടിൽനിന്ന് വിവിധ അക്കൗണ്ടുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് പാസ്‌വേർഡ് ഉൾപ്പെടെയുള്ള വിവരങ്ങളെടുത്ത് വിദേശരാജ്യങ്ങളിലുള്ളവർക്ക് അയച്ച് കൊടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ സുഫൈൽ മുത്താർ ബിറ്റ്കോയിൻ എക്സ്ചേഞ്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ വച്ച് കൊല്ലപ്പെട്ട മലയാളിയായ അബ്ദുൽ ഷുക്കൂർ വധക്കേസിലെ പ്രതിയാണ്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ്.സുദർശന്റെ നിർദ്ദേശാനുസരണം ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വി.എൽ.ആനന്ദ്,സിയാദ് മുഹമ്മദ്,എസ്.സി.പി.ഒ സജിത്ത് ദാസ്, സി.പി.ഒ വിഷ്ണു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.