വിഴിഞ്ഞം രണ്ടാംഘട്ടം; 16000 കോടി മുടക്കും: കരൺ അദാനി

Sunday 25 January 2026 1:58 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിൽ അദാനി ഗ്രൂപ്പ് 16000 കോടി മുടക്കുമെന്ന് അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി പറഞ്ഞു. രണ്ടാംഘട്ടത്തിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിൽ പ്രഖ്യാപിച്ച 30000കോടി നിക്ഷേപത്തിന്റെ ഭാഗമാണിത്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണിത്. വിഴിഞ്ഞത്ത് നിലവിലെ 10ലക്ഷം കണ്ടെയ്നർ ശേഷി 2029ഓടെ 57ലക്ഷമാക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖമായി വിഴിഞ്ഞത്തെ മാറ്റും. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വിഴിഞ്ഞം നിർണായകമായി മാറും. രാഷ്ട്രീയ ഭേദമെന്യേ ഭരണാധികാരികൾ കാട്ടിയ ഇച്ഛാശക്തിയുടെ ഫലമായാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത്.

തുറമുഖത്തിന്റെ തുടക്കത്തിൽ നിർണായക പങ്ക് വഹിക്കുകയും കരാർ നൽകുന്നതിലടക്കം പുരോഗതിയുണ്ടാക്കുകയും ചെയ്തത് ഉമ്മൻചാണ്ടിയാണ്. ഇതിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനങ്ങൾ, എല്ലാ പ്രതിസന്ധികളും മറികടന്ന് വിഴിഞ്ഞം തുറമുഖത്തെ മാരിടൈം മേഖലയിലെ ദേശീയ, അന്താരാഷ്ട്ര ശക്തിയാക്കി. വമ്പൻ ഗ്രീൻഫീൽഡ് പദ്ധതിയിൽ നിക്ഷേപിച്ച, ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയായിരുന്നു മുഖ്യമന്ത്രി. അതിന് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, ശശി തരൂർ എം.പി തുടങ്ങിയവർ രാഷ്ട്രീയ ഭേദം മാറ്റി വച്ച് കേരളത്തിന്റെ താത്പര്യം പരിഗണിച്ച് നൽകിയ പിന്തുണ ഇവിടെ നിക്ഷേപം നടത്താനെത്തുന്നവർക്കുള്ള ശക്തമായ സന്ദേശമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തുന്ന തുറമുഖ വികസന പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ നെടും തൂണായി മാറിയിട്ടുണ്ടെന്നും കരൺ പറഞ്ഞു.