മുരാരി ബാബുവിന് ഉടൻ ഇ.ഡി സമൻസ് 

Sunday 25 January 2026 2:07 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ ​ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉടൻ സമൻസ് നൽകുമെന്ന് സൂചന.

എസ്.ഐ.ടി കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യം കിട്ടിയ മുരാരിബാബു കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

എസ്‌.ഐ.ടി കേസിൽ പ്രതികളായ എല്ലാവരെയും ചോദ്യം ചെയ്യാനാണ് നീക്കം. ഇവരുടെ രേഖകൾ ഇ.ഡി പരി​ശോധിച്ചു ​വരി​കയാണ്. ഇതിനുപുറമേ, മുൻ ദേവസ്വം മന്ത്രി​ കടകംപള്ളി​ സുരേന്ദ്രൻ ഉൾപ്പടെയുള്ളവരെ ​ ചോദ്യം ചെയ്യലി​ന് വി​ളി​പ്പി​ക്കാനാണ് സാദ്ധ്യത.

മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളി​ലാണ് ഇ.ഡി​.

മുരാരി ബാബുവാണ് ദേവസ്വം രേഖകളിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകൾ റെയ്ഡി​ൽ ഇ.ഡി കണ്ടെടുത്തിരുന്നു. ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ ഫ്രെയിം പാനലുകൾ എന്നിവയുൾപ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വർണം പൂശിയ വസ്തുക്കൾ ഔദ്യോഗിക രേഖകളിൽ ചെമ്പ് തകിടുകൾ ആണെന്ന് മനഃ:പൂർവം തെറ്റായി രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.