ഭൂമി തരംമാറ്റാൻ കാലതാമസം: ഡെപ്യൂട്ടി കളക്ടറെ സസ്‌പെൻഡ് ചെയ്തു
Sunday 25 January 2026 2:11 AM IST
കൽപ്പറ്റ: കൈക്കൂലി നൽകാത്തതിനെ തുടർന്ന് ഭൂമി തരംമാറ്റാനുള്ള അപേക്ഷയിൽ കാലതാമസം വരുത്തിയെന്ന പരാതിയിൽ ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) സി.ഗീതയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് റവന്യു സെക്രട്ടറി എം.ജി രാജമാണിക്യമാണ് സസ്‌പെൻഡ് ചെയ്തത്. നൂൽപ്പുഴ വില്ലേജിലെ പത്ത് സെന്റ് തരംമാറ്റുന്നതിനായി ലഭിച്ച അപേക്ഷയിൽ അനാവശ്യ തടസം ഉന്നയിച്ച് നടപടി വൈകിപ്പിച്ചതായാണ് പരാതി. ഭൂമി തരംമാറ്റി നൽകുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. കോൺഗ്രസ് അനുകൂല സംഘടനയായ കെ.ജി.ഒയുവിന്റെ സജീവ പ്രവർത്തകയാണ് ഉദ്യോഗസ്ഥ. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ ദേവസ്യ നൽകിയ പരാതിയിലാണ് നടപടി.