ഗൃഹസമ്പർക്കം വിജയകരം: സി.പി.ഐ സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: ഇടതുമുന്നണിയുടെ ഗൃഹസമ്പർക്ക പരിപാടി വിജയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. എൽ.ഡി.എഫ് സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് മതിപ്പാണെന്നും ഭരണ വിരുദ്ധവികാരമില്ലെന്നും സെക്രട്ടേറിയറ്റിനു ശേഷം വാർത്താസമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സർക്കാരിനോടുള്ള മതിപ്പിനിടയിലും സ്‌നേഹം നിറഞ്ഞ വിമർശനം ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാതെ പോയതിന് കാരണം അതാണ്.
ദേശീയതലത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിത ആക്രമണം നടക്കുന്നു. അതിന്റെ പ്രതിഫലനമെന്ന നിലയിൽ സംസ്ഥാനത്തെ ന്യൂനപക്ഷത്തിനും ആശങ്കയുണ്ട്. മുസ്ലിം,ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ഈ ആശങ്ക ഒഴിവാക്കി അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. വിശ്വാസ ഭ്രാന്തിനെ മാനിക്കാതെ വിശ്വാസികളെ മാനിക്കുകയാണ് ഇടതുമുന്നണിയുടെ നയം. ഈ വിഷയത്തിൽ എൽ.ഡി.എഫിന് കൃത്യമായ രാഷ്ട്രീയ വ്യക്തതയുണ്ട്. ഇടതുമുന്നണിയുടെ ഗൃഹസമ്പർക്ക പരിപാടി 31വരെ തുടരും.
പ്രധാനമന്ത്രി നരേന്ദ്രമോദി വരുമെന്ന് പറഞ്ഞ വാക്ക് പാലിച്ചതല്ലാതെ സംസ്ഥാനത്തിനോ,ജില്ലക്കോ യാതൊരു നേട്ടവുമുണ്ടായില്ല. ഫാസിസ്റ്റ് പ്രവണത പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് നടപടികൾ കാരണം ബി.ജെ.പിക്കാരനായ മേയർക്ക് പോലും പ്രധാനമന്ത്രിയെ സ്വീകരിക്കാനായില്ല. ഉന്നതപദവി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന മുൻ ഡി.ജി.പിയോടുള്ള ബി.ജെ.പിയുടെ സമീപനം എല്ലാവരും കണ്ടു. കഷ്ടമായിപ്പോയി. ബി.ജെ.പിയുടെ വികൃതമായ രാഷ്ട്രീയമുഖമാണ് ഈ സംഭവങ്ങളിലൂടെ വെളിവാകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്,സി.പി.എം സംസ്ഥാന സെക്രട്ടറി പരാമർശം തള്ളിയിട്ടുണ്ടെന്നും അത് അടഞ്ഞ അദ്ധ്യായമാണെന്നും ബിനോയ് വിശ്വം മറുപടി നൽകി.