ഔദ്യോഗികമായി ബംഗ്ലാദേശ് ഔട്ട് സ്കോ‌ട്ട്‌ലാൻഡ് ഇൻ

Sunday 25 January 2026 2:38 AM IST

ദുബായ്: ഇന്ത്യ വേദിയാകുന്ന ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കില്ലെന്ന് ഔദ്യോഗകമായി സ്ഥിരീകരിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി)​ . നേരത്തേ റിപ്പോർട്ടുകൾ വന്നതുപോലെ ബംഗ്ലാദേശിന് പകരം സ്കോ‌ട്ട്ലാൻഡ് ഫെബ്രുവരി 7ന് തുടങ്ങുന്ന ലോകകപ്പിൽ കളിക്കും. സുരക്ഷാ ഭീഷണി ഉണ്ടെന്ന് ആരോപിച്ച് ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചു നിന്നതോടെയാണ് ഐ.സി.സി കടുത്ത തീരുമാനമെടുത്തത്. ഐ.സി.സി ചെയർമാൻ ജയ് ഷായടെ നേതൃത്വത്തിൽ ഇന്നലെ ദുബായിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ആഴ്‌ചകളായി നിലനിന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ അവസാനമായത്. പലതവണ ബംഗ്ലാദേശിനെ അനുനയിപ്പിക്കാൻ ഐ,​സി.സി നടത്തിയ ശ്രമങ്ങളൊന്നും ഫലംകാ ണാതെ പോയി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി (ബിി.സി.ബി)​ ഐ.സി.സി പ്രതിനിധികളെ ധാക്കയിലേക്ക് അയ‌ക്കുക പോലും ചെയ്‌തു. എന്നാൽ ഇന്ത്യയിൽ കളിക്കാനാകില്ലെന്ന നിലപാടിൽ ബംഗ്ലാദശ് ഉറച്ചു നിന്നതോടെ വെള്ളിയാഴ്ച യോഗം ചേർന്ന ശേഷം ഐ.സി.സി. ഭാരവാഹികൾ 24 മണിക്കൂർ അന്തിമ തീരുമാനമെടുക്കണമെന്ന് ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിരുന്നു. ഈ സമയം അവസാനിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതായി ബി.സി.സി.ഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നത്.

സ്കോട്ട്‌ലാൻഡിന് ലോട്ടറി

അപ്രതീക്ഷിതമായി കിട്ടി യ ട്വന്റി-20 ലോകകപ്പ് എൻട്രി സാമ്പത്തികമായും സ്കോട്ട്‌ലാൻഡിന് വളരെ മെച്ചമായി. റാങ്കിംഗ് അടിസ്ഥാനമാക്കിയാണ് സ്കോട്ട്‌ലാൻഡിന് ബംഗ്ലാദേശിന് പകരക്കരായി ലോകകപ്പിൽ അവസരം കിട്ടിയത് .ടി-20 രാജ്യങ്ങളിൽ 14-ാം റാങ്കിലാണ് സ്‌കോട്ട്ഡലാൻഡ് ഉള്ളത്. ബംഗ്ലാദേശിന് പകരക്കാരായി ഗ്രൂപ്പ് സിയിലാകും സ്കോട്ട്‌ലാൻഡ് ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ കളിക്കുക. വെസ്റ്റിൻഡീസ് , ഇംഗ്ലണ്ട്,ഇറ്റലി,നേപ്പാൾ എന്നീടിമുകളാണ് ഗ്രൂപ്പ് സിയിലെ മറ്റുള്ളവർ. കൊൽക്കത്തയിലും മുംബയ്‌യിലുമായിട്ടാകും ബംഗ്ലാദേിന്റെ മത്സരങ്ങൾ.

മുസ്തഫിസുറിന്റെ പുറത്താകൽ

ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോട ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം വഷളായത്.ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങഅങളുടെ പശ്ചാത്തലത്തിൽ മെഗാലേലത്തിൽ മുസ്തഫിസുറിനെ കൊൽക്കത്ത ടീമിലെടുത്തതിനെ ചില സംഘടനകൾ വിമർശനവുമായെത്തിയതോടെയാണ് താരത്തെ കെ.കെ.ആർ റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐ,സി.സിക്ക് കത്ത് നൽകിയത്.