തിരുവല്ലയിൽ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ ഗുരുതരാവസ്ഥയിൽ, 30പേർക്ക് പരിക്ക്
Sunday 25 January 2026 6:41 AM IST
കോട്ടയം: തിരുവല്ല മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം. എംസി റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ട്രക്കിന്റെ ക്യാബിനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് അമിതവേഗതയിലായിരുന്നോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.