തിരുവല്ലയിൽ നവജാതശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ചനിലയിൽ, കണ്ടെത്തിയത് തട്ടുകടയിൽ നിന്ന് പുലർച്ചെ

Sunday 25 January 2026 7:33 AM IST

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കടയുടമ ജയരാജനാണ് പൊലീസിൽ വിവരമറിയിച്ചത്.

ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. തുടർന്ന് പൊലീസെത്തി കുഞ്ഞിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അതേസമയം, ജനുവരി 17ന് പൂനെ-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് നിഗമനം. കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോഴുള്ളത്. കുഞ്ഞ് മലയാളിയാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തിരുന്നു.