ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം നൽകാൻ ഇനിയും വൈകും, കൂടുതൽ പ്രതികൾ മോചിതരാകാൻ സാദ്ധ്യത
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ ഇനിയും വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകാത്തതാണ് പ്രധാന കാരണം. ഇതിൽ പ്രതിപക്ഷമടക്കം വിമർശനം ശക്തമാക്കിയതോടെ അടുത്തമാസം പത്തിനുളളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമം. ഇത് വൈകിയാൽ കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർക്ക് ജാമ്യം കിട്ടാനുള്ള സാദ്ധ്യതയുണ്ട്.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടാൻ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നത് ഇടയാക്കുന്നുവെന്ന വിമർശനം വ്യാപകമാണ്. ഭാഗികമായ കുറ്റപത്രം നൽകാത്തത് എന്താണെന്നും അന്വേഷണം ഇഴയുന്നത് എന്താണെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. സ്വർണക്കൊളള കേസിൽ കുറ്റമറ്റ കുറ്റപത്രം തയ്യാറാക്കേണ്ടതുകൊണ്ടാണ് താമസമെന്നാണ് പ്രത്യേക അന്വേഷണസംഘ വൃത്തങ്ങൾ പറയുന്നത്. കുറ്റകൃത്യത്തിന്റെ വ്യാപ്തിയും നഷ്ടമായ സ്വർണത്തിന്റെ അളവും വ്യക്തമാകാതെ കുറ്റപത്രം നൽകിയാൽ കോടതിയിൽ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്. സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധനാഫലത്തിൽ നിന്ന് പലതും ഡീകോഡ് ചെയ്യേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. പൂര്‍ണമായ സംശയ നിവാരണത്തിന് ഒരാഴ്ച കൂടിവേണമെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധനാഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.