'ഗണേശ് കുമാറിന്റെ കുടുംബം തകരാതിരിക്കാൻ പരിശ്രമിച്ചു, ആ പേര് പുറത്തുപറയാതിരുന്നതാണ് ഉമ്മൻചാണ്ടിയുടെ മഹത്വം'

Sunday 25 January 2026 10:27 AM IST

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ മന്ത്രി കെബി ഗണേശ് കുമാറിന്റെ പരമാർശത്തിനെതിരെ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ രംഗത്ത്. മന്ത്രിസഭയിലെ അംഗം എന്നതിലുപരി ഉമ്മൻചാണ്ടി മകനെപ്പോലെ കണ്ടാണ് ഗണേശ് കുമാറിന് വേണ്ടി ഇടപെട്ടതെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് മലയാളികൾക്ക് നല്ല ബോദ്ധ്യമുണ്ടെന്നും ഗണേശിന്റെ കുടുംബം തകരാതിരിക്കാൻ ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

'കുടുംബം തകർത്തത് ഉമ്മൻചാണ്ടിയാണെന്നാണ് ഗണേശ് കുമാർ ഇപ്പോൾ പറയുന്നത്. എന്നാൽ ഉമ്മൻചാണ്ടി മകനെപ്പോലെ കണ്ടാണ് ഗണേശ് കുമാറിന് വേണ്ടി ഇടപെട്ടത്. എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻചാണ്ടിയെ സംശയമുനയിലാക്കിയത്. അതിന് കാരണം ബിജു രാധാകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേര് പുറത്തുപറയാതിരുന്നതാണ് ഉമ്മൻചാണ്ടിയുടെ മഹത്വം. ഗണേഷിന്റെ കെെയിലുള്ളതെന്താണെന്ന് പറയട്ടെ. മറവി ഒരു സൗകര്യമാണെങ്കിൽ ഇവിടെ തെളിവുകൾ ഉണ്ട്'- ഷിബു ബേബി ജോൺ പറഞ്ഞു.

അതേസമയം, തന്റെ കുടുംബം തകർത്തത് ഉമ്മൻചാണ്ടിയാണെന്ന ഗണേശ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി അടുത്തിടെ ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്തെത്തിയിരുന്നു. ഗണേശ് കുമാർ അക്കാര്യം സ്വന്തം മനഃസാക്ഷിയോട് ചോദിക്കട്ടെ എന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.

പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ മറുപടി പറഞ്ഞില്ലെങ്കിലും മനഃസാക്ഷിയുണ്ടെങ്കിൽ ഗണേശ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന് ചിന്തിക്കട്ടെഎന്നും എംഎൽഎ വിശദീകരിച്ചു. മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടുവരാൻ താത്പര്യമില്ല. ഗണേശ് കുമാറിനെ പോലുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിച്ചതല്ല ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ സംഭവിച്ചതെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.