'സസ്‌പെൻഷൻ നടപടിക്രമങ്ങൾ പാലിക്കാതെ, ദേവസ്യ നിരന്തരം ഭീഷണിപ്പെടുത്തി'; പ്രതികരിച്ച് വയനാട് ഡെപ്യൂട്ടി കളക്ടർ സി ഗീത

Sunday 25 January 2026 11:21 AM IST

വയനാട്: നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ സസ്‌പെൻഡ് ചെയ്തതെന്ന് വയനാട് ഡെപ്യൂട്ടി കളക്ടർ സി ഗീത. നിയമപരമായാണ് താൻ പ്രവർത്തിച്ചതെന്നും കൈക്കൂലി ചോദിച്ചോയെന്ന് തെളിയിക്കണമെന്നും അവർ ഒരു വാർത്താ ചാനലിനോട് ഇന്ന് രാവിലെ പ്രതികരിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ റവന്യു മന്ത്രി കെ രാജന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അതിവേഗ നടപടി സ്വീകരിച്ചത്.

നൂൽപ്പുഴ വില്ലേജിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട പത്ത് സെന്റ് ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ടാണ് ഗീതയ്‌ക്കെതിരെ പരാതി ഉയർന്നത്. ഈ ഭൂമി തരംമാറ്റുന്നതിനായി കെ ജെ ദേവസ്യയ്ക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിരുന്നിട്ടും ഡെപ്യൂട്ടി കളക്ടർ മനഃപൂ‌ർവം കാലതാമസം വരുത്തുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കെെക്കൂലി ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ കെെകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി റവന്യൂവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.

ഇപ്പോഴിതാ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ ഗീത ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.'കെ ജെ ദേവസ്യ നിരന്തരം ഭീഷണിപ്പെടുത്തിയതിന് തുടർനടപടികൾ സ്വീകരിക്കും. കൃഷി ഓഫീസറും വില്ലേജ് ഓഫീസറും നൽകിയ റിപ്പോർട്ടിനനുസരിച്ചാണ് അപേക്ഷ നിരസിച്ചത്. വയൽ ഭൂമിയാണ്. ഡാ​റ്റ ബാങ്കിൽ ഉൾപ്പെടുന്നതാണ്. അതുകൊണ്ട് തരംമാ​റ്റി നൽകുന്നത് ശരിയായ നടപടിയല്ലെന്നറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ എന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഞാൻ 33 വർഷമായി സർവീസിൽ വന്നിട്ട്. ഇന്നുവരെ എനിക്കെതിരെ സാമ്പത്തികപരമായ ആരോപണങ്ങളൊന്നും വന്നിട്ടില്ല. ആരോപണം എന്താണെന്നുള്ളത് പരാതിക്കാരൻ തന്നെ തെളിയിക്കണം. ആ സ്ഥലം സന്ദർശിച്ചിരുന്നു. പല ആളുകളെയും കൊണ്ടുവന്ന് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്'- ഗീത പറഞ്ഞു.

അതേസമയം, ഭരണം അവസാനിക്കുമ്പോഴുള്ള അനധികൃത നടപടിക്കുള്ള നീക്കമാണിതെന്നാണ് എൻജിഒ അസോസിയേഷൻ ആരോപിച്ചത്. വയൽ, മണ്ണിട്ട്നികത്തുന്നതിന് കൂട്ടുനിൽക്കാത്തതിനുള്ള പ്രതികാര നടപടിയാണിത്. നവീൻ ബാബുവിന്റെ സംഭവം ആവർത്തിക്കാൻ ഇടവരും. സത്യസന്ധമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയാണ്. അടിയന്തരമായി തിരിച്ചെടുത്തില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും എൻജിഒ അസോസിയേഷൻ വ്യക്തമാക്കി.