'കണ്ണൂർ ജില്ലയിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കും', പണം നഷ്ടപ്പെട്ടെന്ന ആരോപണം തള്ളി എംവി ഗോവിന്ദൻ
തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളിലുണ്ടായ പ്രശ്നങ്ങൾ ജില്ലാ കമ്മിറ്റി തന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന ആരോപണം തള്ളിയ അദ്ദേഹം, ഫണ്ടിൽ നിന്ന് ഒരു നയാപൈസ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിവി കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടി ഉൾപ്പെടെയുള്ള കാര്യങ്ങൾ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് ശേഷം ഉചിതമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഒരു നയാപൈസ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്. ഒരു തരത്തിലുള്ള ക്രമക്കേടിനും പാർട്ടി കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വിഷയത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് കരുതുന്നവർക്ക് പരാതി നൽകാവുന്നതാണ്. അത് അവരുടെ താല്പര്യമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സംഘടനാ കാര്യങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ല എന്നതാണ് പാർട്ടിയുടെ നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാൻ വലതുപക്ഷ ശക്തികൾ നടത്തുന്ന ആസൂത്രിത പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയുകയാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ശബരിമല വിഷയത്തിലടക്കം മുൻപുണ്ടായിരുന്ന കള്ളക്കഥകൾ ഇപ്പോൾ പൊളിഞ്ഞുവീണിരിക്കുകയാണെന്നും ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിയുടെ ഭവന സന്ദർശന പരിപാടികളിൽ ജനങ്ങളുമായി കൂടുതൽ അടുക്കാൻ സഹായിച്ചിട്ടുണ്ട്. സർക്കാരിനെതിരായ വ്യാജ കഥകളെ തുറന്നുകാട്ടാൻ ഈ സന്ദർശനങ്ങളിലൂടെ നേതാക്കൾക്കും പ്രവർത്തകർക്കും സാധിച്ചു. പാർട്ടി ജനങ്ങളോടൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം ഈ സമ്പർക്കം ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐആർ സംബന്ധിച്ച വിവാദങ്ങൾ പച്ചക്കള്ളമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പിണറായി സർക്കാരിന്റെ പദ്ധതിയാണെന്നും ന്യൂനപക്ഷങ്ങളെ പുറത്താക്കാനാണ് ഇതെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വലതുപക്ഷം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ ഐക്യത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കുമെന്നും എല്ലാ കള്ളപ്രചാരണങ്ങളെയും തുറന്നുകാട്ടി പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.