'ആ അലർച്ചയ്ക്ക് പിന്നിൽ മൂന്ന് ലക്ഷം രൂപയാണ്; ഞാൻ ടോക്സിക് സൈക്കോപാത്തല്ല': തുറന്നടിച്ച് ഡോ റോബിൻ രാധാകൃഷ്ണൻ

Sunday 25 January 2026 12:57 PM IST

നടൻ മോഹൻലാൽ അവതാരകനായെത്തുന്ന ടെലിവിഷൻ പരിപാടിയായ ബിഗ്‌ബോസിന് കേരളത്തിൽ ആരാധകരേറെയാണ്. പരിപാടിയിൽ സീസൺ 4ലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ താരമായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയുടെ പകുതിയിൽ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപ്പെട്ടെങ്കിലും, സീസണിലെ മറ്റാരെക്കാളും ആരാധക പിന്തുണ സ്വന്തമാക്കാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷം ഉദ്ഘാടന വേദികളിലെ റോബിന്റെ ആവേശകരമായ പ്രകടനങ്ങളും വൻതോതിൽ വൈറലായിരുന്നു. എന്നാൽ, താൻ യഥാർത്ഥ ജീവിതത്തിൽ അത്രയ്ക്ക് 'ലൗഡ്' ആയ വ്യക്തിയല്ലെന്ന് വെളിപ്പെടുത്തുകയാണ് റോബിൻ. ഒരു പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് റോബിന്റെ വെളിപ്പെടുത്തൽ.

'ബിഗ് ബോസ് കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ ലൗഡ് ആയി നിൽക്കേണ്ടത് ആവശ്യമായിരുന്നു. 20 മിനിട്ട് നിൽക്കുന്നതിന് മൂന്ന് ലക്ഷം രൂപ തരുമ്പോൾ സംഘാടകർ ആവശ്യപ്പെടുന്നത് അവിടെയൊരു 'ഓളം' ഉണ്ടാക്കണമെന്നാണ്. ആ പണത്തിന് അനുസരിച്ചുള്ള ജോലി ഞാൻ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. ചെയ്ത 146 ഉദ്ഘാടനങ്ങളിൽ പത്തോ പതിനഞ്ചോ സ്ഥലത്ത് മാത്രമാണ് ഞാൻ അങ്ങനെ ചെയ്തിട്ടുള്ളത്. എന്നാൽ സോഷ്യൽ മീഡിയ ആ ഭാഗം മാത്രം എടുത്ത് ആഘോഷിച്ചു.'

തനിക്കെതിരെ വരുന്ന 'ടോക്സിക് സൈക്കോപാത്ത്' വിളികളോടും റോബിൻ പ്രതികരിച്ചു. 'ഞാൻ ഒരു മെയിൽ ഷോവനിസ്റ്റ് അല്ല.സാധാരണ മനുഷ്യനെപ്പോലെ ദേഷ്യവും സങ്കടവുമുള്ള വ്യക്തിയാണ്. ഒരു കോളേജിൽ വച്ചുണ്ടായ പൊട്ടിത്തെറി എന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ്. അന്ന് വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്'. റോബിൻ പറഞ്ഞു.

നിലവിൽ ലൈം ലൈറ്റിൽ ഇല്ലെന്നും വിജയങ്ങൾ കുറഞ്ഞുവെന്നും റോബിൻ തുറന്നു പറഞ്ഞു. എന്നാൽ വലിയൊരു ലക്ഷ്യത്തിന് പിന്നാലെയുള്ള പരിശ്രമത്തിലാണ് താനിപ്പോഴെന്നും പത്തു വർഷത്തിന് ശേഷം എവിടെയായിരിക്കണം എന്നതിനെക്കുറിച്ച് തനിക്ക് വലിയൊരു സ്വപ്നമുണ്ട്. അക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ താല്പര്യമില്ലെന്നും താരം പറയുന്നു.നല്ല മനുഷ്യനായി തുടരാനും ഒരുപാട് പേരുടെ സ്‌നേഹവും അനുഗ്രഹവും നേടാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞാണ് റോബിൻ തന്റെ സംസാരം അവസാനിപ്പിച്ചത്.