ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിന്റെ വിശദീകരണത്തിൽ പൊരുത്തക്കേട്

Sunday 25 January 2026 12:59 PM IST

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയക്കുഴപ്പമെന്ന് വിവരം. സ്മാർട്ട് ക്രിയേഷൻസിലെത്തി നടത്തിയ കട്ടിളപ്പാളിയുടെ പൂജയും വീട്ടിൽ നടന്ന ദ്വാരപാലക പാളികളുടെ പൂജയും ഒരു ദിവസമാണെന്നാണ് ജയറാം നൽകിയ വിശദീകരണം. എന്നാൽ ഇരു പൂജകളും വിവിധ മാസങ്ങളിലാണ് നടന്നതെന്നാണ് പുതിയ വിവരം. രണ്ട് പൂജകളും ജയറാം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സ്വർണവാതിൽ, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക പാളികൾ എന്നിവയുമായി ബന്ധപ്പെട്ട് 2019ൽ കൊള്ള നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019 മാർച്ച് മാസത്തിലാണ് പുതിയ വാതിൽ സമർപ്പിക്കുന്നത്. ജൂൺ മാസത്തിൽ കട്ടിളപ്പാളി നിർമ്മിക്കുന്നു. സെപ്തംബറിൽ ദ്വാരപാലക പാളികൾ സമർപ്പിക്കുന്നു. ഇതേ സമയത്ത് നടൻ ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളികൾ എത്തിച്ച് പൂജിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കൂടാതെ സ്മാർട്ട് ക്രിയേഷൻസിൽ നടക്കുന്ന പൂജയിൽ ജയറാം പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സ്മാർട്ട് ക്രിയേഷൻസിലെ പൂജയ്ക്ക് ശേഷം ശബരിമലയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് പാളികൾ വീട്ടിലെത്തിച്ച് പൂജിച്ചതെന്നാണ് ജയറാം പറയുന്നത്. എന്നാൽ 2019 ജൂൺ മാസത്തിലാണ് ഫാക്ടറിയിൽ പൂജ നടന്നത്. ജയറാമിന്റെ വീട്ടിൽ പൂജ നടന്നതാകട്ടെ സെപ്തംബറിലും. ഈ മൂന്ന് മാസത്തെ ഇടവേള ജയറാമിന്റെ വാദങ്ങളെ ദുർബലപ്പെടുത്തുന്നു. ജൂൺ മാസത്തിൽ സ്മാർട്ട് ക്രിയേഷൻസ് ഫാക്ടറിയിൽ പൂജ നടക്കുമ്പോൾ അവിടെയുണ്ടായിരുന്നത് ശബരിമലയിലെ പ്രധാന കട്ടിളപ്പാളി ആയിരുന്നു. എന്നാൽ ജയറാമിന്റെ വീട്ടിൽ പൂജ നടത്തുന്നതായി ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളിൽ ഉള്ളത് ദ്വാരപാലക പാളികളാണ്.

പ്രധാന കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജിച്ചതിന് യാതൊരുവിധ ചിത്രങ്ങളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. സെപ്തംബറിൽ നടന്ന ദ്വാരപാലക പാളികളുടെ പൂജയുടെ ദൃശ്യങ്ങൾ മാത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രണ്ട് മാസങ്ങളിലായി ജയറാം ബന്ധപ്പെട്ടിരുന്നുവെന്നും, രണ്ട് തവണയായി നടന്ന പൂജകളിലും അദ്ദേഹം പങ്കാളിയായെന്നുമാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ പൂജ നടന്ന കൃത്യമായ സമയത്തെക്കുറിച്ച് ഓർമ്മയില്ലെന്നാണ് ജയറാം സ്വീകരിച്ചിരിക്കുന്ന നിലപാട്.