പാമ്പിൻ വിഷം കുടിച്ചാൽ മരിക്കുമോ? ഈ സാദ്ധ്യതകൾ അവഗണിക്കരുത്

Sunday 25 January 2026 3:36 PM IST

പാമ്പുകളെ പേടിയില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ലോകത്ത് വിവിധയിനം പാമ്പുകളുണ്ടെങ്കിലും അവയെ തിരിച്ചറിയാൻ എല്ലാവർക്കും കഴിയണമെന്നില്ല. എന്നാൽ പാമ്പുകളുടെ വിഷത്തിന്റെ നിറം ഏകദേശം സമാനമാണ്. അത് നീലനിറമാണെന്നാണ് പലരുടെയും ധാരണ. ഹിന്ദു പുരാണങ്ങൾ പോലും ആ ധാരണയെ ഊട്ടിയുറപ്പിക്കുന്നതാണ്. കാളകൂട വിഷം കുടിച്ചതിനാലാണ് ശിവന്റെ കണ്ഠത്തിന് നീലനിറം ലഭിച്ചതെന്നും നീലകണ്ഠൻ എന്ന പേര് ലഭിച്ചതെന്നുമുള്ള വിശ്വാസം അതിന് ഉദാഹരണമാണ്. എന്നാൽ, പാമ്പിൻ വിഷത്തിന്റെ നിറം നീല അല്ലെന്നതാണ് വാസ്‌തവം.

യഥാർത്ഥത്തിൽ പാമ്പിൻ വിഷത്തിന്റെ നിറം ഇളം മഞ്ഞയാണ്. ചില പാമ്പുകളുടെ വിഷം നിറമില്ലാതെ തെളിഞ്ഞും

കാണപ്പെടാറുണ്ട്. ഇതിനുള്ളിലെ എൻസൈമുകളുടെയും പ്രോട്ടീനുകളുടെയും അളവിനനുസരിച്ചാണ് മഞ്ഞ നിറത്തിന്റെ തീവ്രത മാറുന്നത്. രാജവെമ്പാല പോലുള്ള പാമ്പുകളുടെ വിഷം തെളിഞ്ഞ മഞ്ഞ നിറത്തിലോ സ്വർണ നിറത്തിലോ ആയിരിക്കും.

പാമ്പിൻ വിഷം യഥാർത്ഥത്തിൽ 90% പ്രോട്ടീനുകൾ അടങ്ങിയ സങ്കീർണമായ സലൈവയുടെ രൂപാന്തരമാണ്. ശത്രുക്കളെ കൊല്ലുന്നതിനൊപ്പം ഇരയെ വേഗത്തിൽ ദഹിപ്പിക്കുന്നതിന് കൂടി വേണ്ടിയാണ് പാമ്പുകൾ വിഷം ഉപയോഗിക്കുന്നത്. പാമ്പിൻ വിഷം പ്രോട്ടീനായതിനാൽ കുടിച്ചാൽ മരണം സംഭവിക്കില്ലെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ വായ, തൊണ്ട, അന്നനാളം തുടങ്ങി ഭക്ഷണം കടന്നുപോകുന്നയിടങ്ങളിൽ ചെറിയ പോറലുകളോ മുറിവുകളോ ഉണ്ടെങ്കിൽ വിഷം അതിലൂടെ രക്തത്തിൽ കലർന്ന് മരണം സംഭവിക്കാം. ഈ മുറിവുകൾ നമ്മൾ തിരിച്ചറിയണമെന്നില്ല. അതിനാൽ അത്തരം പരീക്ഷണങ്ങൾക്ക് ആരും മുതിരാതിരിക്കുന്നതാണ് നല്ലത്.