'ഉണ്ട ചോറിന് നന്ദി കാണിക്കണം, രാജേന്ദ്രനെ എങ്ങനെ കെെകാര്യം ചെയ്യണമെന്ന് അറിയാം'; ഭീഷണി മുഴക്കി എംഎം മണി
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന എസ് രാജേന്ദ്രനെതിരെ മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി രംഗത്ത്. പാർട്ടിയെ വെല്ലുവിളിച്ചാൽ കെെകാര്യം ചെയ്യണമെന്ന് എംഎം മണി പറഞ്ഞു. മൂന്നാറിൽ നടന്ന സിപിഎമ്മിന്റെ പൊതുപരിപാടിയിലായിരുന്നു വിമർശനം.
'രാജേന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി, എംഎൽഎയാക്കി. രാജേന്ദ്രനെ എംഎൽഎയാക്കി ചുമക്കാനുള്ള ബാദ്ധ്യത സിപിഎമ്മിനില്ല. ഞങ്ങൾ ക്ഷമിക്കുകയാണ്. അതിനാൽ മര്യാദയ്ക്ക് ഇരിക്കുന്നതാണ് നല്ലത്. അയാൾ ബിജെപിയിലോ ആർഎസ്എസിലോ ചേർന്നാൽ ഞങ്ങൾക്ക് ഒന്നുമില്ല. ഉണ്ട ചോറിന് നന്ദി കാണിക്കണം. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ എങ്ങനെ കെെകാര്യം ചെയ്യണമെന്ന് അറിയാം'- എംഎം മണി വ്യക്തമാക്കി. തീർത്ത് കളയുമെന്ന് മണി പരിപാടിക്കിടെ ആംഗ്യം കാണിക്കുകയും ചെയ്തു.
അതേസമയം, എംഎം മണിയുടെ ഭീഷണിയിൽ തനിക്ക് പേടിയില്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. മരണത്തെ പേടിച്ചുനിൽക്കുന്ന ആളല്ലെന്നും മണി ആശാൻ എന്തുവേണമെങ്കിലും പറഞ്ഞോട്ടെയെന്നും രാജേന്ദ്രൻ വ്യക്തമാക്കി. മൂന്നു തവണ ദേവികുളം എംഎൽഎയായിരുന്നു രാജേന്ദ്രൻ കഴിഞ്ഞയാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. സിപിഎമ്മിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും തുടർന്നുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും രാജേന്ദ്രൻ അന്ന് വ്യക്തമാക്കിയിരുന്നു.
ഇടുക്കി ഉൾപ്പെടെയുള്ള ഹൈറേഞ്ചിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമായതിനാലാണ് രാജീവ് ചന്ദ്രശേഖറിനെ സമീപിച്ചത്. അദ്ദേഹം ഇക്കാര്യങ്ങളിൽ ഉറപ്പുനൽകി. രാഷ്ട്രീയമായ ഇടപെടലുണ്ടാകുമെന്ന് പറഞ്ഞതിനെ തുടർന്നാണ് രാഷ്ട്രീയ മാറ്റം. ആരേയും പ്രസ്ഥാനങ്ങളിൽ നിന്നോമറ്റോ അടർത്തി കൊണ്ടുവരണമെന്ന ആഗ്രഹമില്ല. പ്രതീക്ഷയോടെയാണ് ബിജെപിയിലെത്തുന്നത്. അതിനാൽ ഇപ്പോൾ പൂർണമായി ബിജെപിയിലാണെന്ന് പറയാനാകില്ലെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു.