കളിപ്പാട്ടക്കടയിലെ തീപിടിത്തം, ബ്രോഡ്‌വേയിൽ ഫയർ ഓ‌ഡിറ്റ് ഉടൻ

Sunday 25 January 2026 4:04 PM IST

കൊച്ചി: ബ്രോഡ്‌വേയിൽ വീണ്ടും ഫയർ ഓഡിറ്റിംഗ് നടത്താൻ ഫയർ ഫോഴ്‌സ് ഒരുങ്ങുന്നു. ശ്രീധർ തിയേറ്ററിന് സമീപം കൊളുതറ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഫാൻസി, കളിപ്പാട്ട വ്യാപാര സ്ഥാപനങ്ങൾക്കും രണ്ട് ഗോഡൗണുകൾക്കും തീപിടിത്തമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ബ്രോഡ്‌വേ പോലുള്ള തിരക്കേറിയ വ്യാപാരകേന്ദ്രങ്ങളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സേഫ്റ്റി ഓഡിറ്റ് നടത്തണമെന്ന് തീപിടിത്തത്തിന് പിന്നാലെ മേയർ നിർദ്ദേശിച്ചിരുന്നു. ചെറിയ കടമുറികൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഫയർഫോഴ്‌സ് തീരുമാനം. നേരത്തെ ബഹുനില കെട്ടിടങ്ങൾ മാത്രമാണ് ഫയർ ഓഡിറ്റിംഗിന് വിധേയമാക്കിയിരുന്നത്. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള പരിശോധനയാകും നടക്കുക. ഇതിനായി പ്രത്യേക ടീമുകളെ നിയോഗിച്ചേക്കും.

ഫയർ യൂണിറ്റിന് എത്തിച്ചേരാൻ ബുദ്ധിമുട്ട്

2018ൽ കൊച്ചി നഗരത്തിലടക്കം ഫയർ ഓഡിറ്റിംഗ് നടത്തിയിരുന്നു. അന്ന് അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടങ്ങൾ കണ്ടെത്തി നോട്ടീസ് നൽകുകയും പിന്നീട് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ, പല കെട്ടിടങ്ങളിലും താത്കാലിക രക്ഷയ്ക്കായാണ് ഇവ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. നൂറുകണക്കിന് കെട്ടിടങ്ങളും കോടികളുടെ ബിസിനസും നടക്കുന്ന സ്ഥാപനങ്ങളുമാണ് ബ്രോഡ്‌വേ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നത്. അഗ്‌നിബാധയുണ്ടായാൽ നിമിഷനേരത്താൽ സമീപസ്ഥാപനങ്ങളിലേക്ക് തീ പടരും. ഫയർ യൂണിറ്റ് വാഹനങ്ങൾക്ക് എളുപ്പം എത്തിച്ചേരാനും ബുദ്ധിമുട്ടുണ്ട്. പല കെട്ടിടങ്ങളിലും കാലപ്പഴക്കം ചെന്ന വയറിംഗുമാണ്.

കഴിഞ്ഞ ഡിസംബർ 30ന്

രാത്രി 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ മൂന്ന് കടകളും രണ്ടാം നിലയിലെ രണ്ട് ഗോഡൗണുകളും കത്തിനശിച്ചു. സമീപത്തെ കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. 12 ഫയർഫോഴ്‌സ് യൂണിറ്റുകൾ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തം വേഗം നിയന്ത്രിക്കാനായതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ആദ്യം തീപിടിച്ച കെട്ടിടത്തിന്റെ സ്വിച്ച് ബോർഡിൽനിന്ന് തീ പടർന്നതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കടയ്ക്കുള്ളിൽ എളുപ്പം തീപടരുന്ന വസ്തുക്കളും ഉണ്ടായിരുന്നു. വൻതോതിൽ തീ കത്തിപ്പടർന്നത് ഇതിനാലാകാമെന്നാണ് ഫയർഫോഴ്‌സ് വിലയിരുത്തൽ. കൊളുത്തറ വ്യാപാര സമുച്ചയത്തോടു ചേർന്നുള്ള മാലിന്യകൂമ്പാരത്തിൽനിന്നായിരിക്കാം തീ ഉയർന്നതെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക കണ്ടെത്തൽ.