കേരളകൗമുദി ലേഖകനെ മർദിച്ച സംഭവം;  പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Sunday 25 January 2026 4:05 PM IST

മലപ്പുറം: കേരളകൗമുദി തിരൂരങ്ങാടി ലേഖകൻ മുസ്തഫ ചെറുമുക്കിനെ റോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്. ചെറുമുക്ക് വെസ്റ്റിലെ തലാപ്പിൽ അബ്ദുസ്സലാമാണ് മുസ്‌തഫയെ മർദിച്ചത്. ചെറുമുക്ക് നാട്ടുകൂട്ടം വാട്സാപ് ഗ്രൂപ്പിലെ വോയ്സ് മെസേജിന്റെ പേരിലായിരുന്നു മർദനം.

മുസ്തഫ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേലാണ് നടപടി. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

ഈ മാസം രണ്ടാം തീയതി രാത്രി ചെറുമുക്ക് വെസ്റ്റ് കോട്ടേരിതാഴം റോഡിൽ വെച്ചാണ് സംഭവം ഉണ്ടായത്. മുസ്തഫയെ ക്രൂരമായി മർദിക്കുകയും വാട്സാപ് ഗ്രൂപ്പിൽ മുസ്തഫയുടെ അമ്മയ്‌ക്കെ‌തിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ വോയ്സ് മെസേജ് അയക്കുകയും ചെയ്തിരുന്നു. പ്രാഥമിക പരാതിയിൽ കാര്യമായ അന്വേഷണം നടക്കാത്തതിനാലാണ് മുസ്‌തഫ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് കൂടുതൽ വകുപ്പുകൾ ചേർത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ സ്വീകരിച്ച് മുസ്തഫയെ രേഖാമൂലം അറിയിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.