ചക്ക സീസൺ എത്തി, രാത്രി കരുതൽ വേണം!

Sunday 25 January 2026 4:24 PM IST

മാലിപ്പാറയിൽ കാട്ടുകൊമ്പൻമാരെത്തി

കോതമംഗലം: നാട്ടിൽ ചക്കസീസൺ എത്തിയതോടെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം. ആനയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ചക്കപ്പഴം. ചക്കയും മറ്റു വിളകളും തേടി കാട്ടാനകൾ വിഹാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതാണ് പുതിയ കാഴ്ച. പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയിൽ കഴിഞ്ഞ ദിവസം ആദ്യമായി കാട്ടുകൊമ്പൻമാരെത്തി. മാലിപ്പാറ പള്ളിക്കവലയിലൂടെ സെന്റ് മേരീസ് കോൺവെന്റിന്റെ വളപ്പിൽ കയറിയ ആനകൾ പ്രധാന ഗെയിറ്റും തകർത്താണ് പുറത്തേക്ക് പോയത്. റോഡും മറികടന്ന് വിവിധ കൃഷിയിടങ്ങളിൽ നാശം വിതച്ച ആനകൾ തിരികെ അഞ്ച് കിലോമീറ്ററോളം അകലെയുള്ള കോട്ടപ്പാറ പ്ലാന്റേഷനിലേക്ക് മടങ്ങി. കോൺവെന്റ് വളപ്പിലെ കയ്യാലകളും കാർഷിക വിളകളും നശിപ്പിച്ചു.

ആനകളെത്തിയത് വാവേലിയിൽ നിന്ന്

വാവേലിയിൽ നിന്ന് വിവിധ കൃഷിയിടങ്ങളിലൂടെയാണ് ആനകൾ മാലിപ്പാറയിലെത്തിയത്. തടത്തിൽ ബിജുവിന്റെ ഫാമിൽ കയറിയ ആനകൾ പ്ലാവുകൾ നശിപ്പിച്ചു. ഇവിടെയും ഒരു ഗെയിറ്റ് തകർത്തു. ശനിയാഴ്ച രാത്രി പ്ലാന്റേഷനിൽ നിന്ന് പുറത്തിറങ്ങിയത് 15ഓളം ആനകളടങ്ങിയ കൂട്ടമാണ്. ഇവ പിന്നീട് പലസംഘങ്ങളായി വിവിധ ഭാഗങ്ങളിലേക്ക് നീങ്ങി. ഇതിൽ ചില സംഘങ്ങളെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം തുരത്തിയോടിച്ചു.പുതിയ വഴിച്ചാൽ കണ്ടെത്തിയതിനാൽ ആനകൾ ഇനിയും മാലിപ്പാറയിലെത്താനാണ് സാദ്ധ്യതയെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.

സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം

ചക്ക സീസണിൽ രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. ആനകളുടെ സാന്നിദ്ധ്യം മനസിലാക്കിയാൽ ഉടൻ ആർ.ആർ.ടിയെ അറിയിക്കണം. വളരെ വേഗത്തിൽ അവർ സ്ഥലത്തെത്തി ആനകളെ തുരത്തും. വാവേലി കേന്ദ്രീകരിച്ച് ആർ.ആർ.ടി രാത്രി മുഴുവൻ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. ആന്റണി ജോൺ എം.എൽ.എയുൾപ്പെടെയുള്ള ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ആനശല്യമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കാമെന്ന് അവർ ഉറപ്പു നൽകി. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് കോൺവെന്റിലെ കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു.

മുറിവാലനെ

സൂക്ഷിക്കണം

മാലിപ്പാറയിലെത്തിയ ആനകളിൽ അക്രമകാരിയായ മുറിവാലൻ കൊമ്പനുമുണ്ടായിരുന്നു. തുരത്തിയോടിക്കാൻ ശ്രമിക്കുന്നവർക്കു നേരെ പാഞ്ഞടുക്കുന്ന പ്രകൃതക്കാരനാണ് മുറിവാലൻ. പ്ലാന്റേഷൻ ആനക്കൂട്ടത്തിലെ പ്രധാനിയായ ഈ കൊമ്പനെ പിടികൂടണമെന്ന ആവശ്യം നേരത്തേ മുതലുണ്ട്. വനപാലകർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല.