ഡി.ജെ പാ‌ർട്ടിക്കിടെ നാടകീയ രംഗങ്ങൾ അടിച്ചുപൂസായ ദമ്പതികൾ വനിതാ ബൗൺസറെ തല്ലിച്ചതച്ചു

Sunday 25 January 2026 4:44 PM IST

കൊച്ചി: ഡി.ജെ പാർട്ടിക്കിടെ ഹോട്ടൽ ജീവനക്കാരന് നേരെ തട്ടിക്കയറിയത് അന്വേഷിക്കാനെത്തിയ വനിതാ ബൗൺസറെ ദമ്പതികൾ മർദ്ദിച്ച് അവശയാക്കി. മർദ്ദനമേറ്റ ഇടക്കൊച്ചി സ്വദേശിനിയായ 33കാരി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ദമ്പതികളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. വയനാട് വെള്ളമുണ്ട സ്വദേശിനിയായ 23കാരിയും ഭർത്താവ് എറണാകുളം കൈതാരം സ്വദേശിയായ 33കാരനുമാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ദമ്പതികളെ ഹോട്ടൽ അധികൃതർ തടഞ്ഞുവച്ചു. തുടർന്ന് സൗത്ത് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പ്രവാസികളായ ഇവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. തർക്കമുണ്ടാകാനുള്ള യഥാർത്ഥ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ ഹോട്ടലിൽ ഡി.ജെ. പാ‌ർട്ടിക്കായി എത്തുന്നവർ പരസ്പരവും ബൗൺസറുമായുമെല്ലാം അടിപിടിയുണ്ടാകുന്നത് പതിവാണ്.

പ്രകോപനമില്ലാതെ മർദ്ദനം

പഞ്ചനക്ഷത്ര ഹോട്ടലിൽ ശനിയാഴ്ചകളിൽ ഡി.ജെ പാർട്ടി പതിവാണ്. മദ്യലഹരിയിലായിരുന്ന ദമ്പതികൾ ഹോട്ടൽ ജീവനക്കാരുമായി തർക്കമായതാണ് സംഘർഷത്തിന്റെ തുടക്കം. ഈസമയം സുരക്ഷാ ചുമതലയുണ്ടായിരുന്ന 33കാരി ഇടപെട്ടതോടെ 23കാരി ഇവർക്ക് നേരെ തിരിഞ്ഞു. പ്രകോപനമില്ലാതെ മർദ്ദിച്ചു. തടയാൻ ശ്രമിച്ചപ്പോൾ ഭർത്താവും ഒപ്പംചേർന്ന് മർദ്ദിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരും മറ്റും ചേർന്നാണ് പിടിച്ചുമാറ്റിയത്. വനിതാ പൊലീസുകാരി ആശുപത്രിയിലെത്തി ബൗൺസറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്.

അസഭ്യം പറയുകയും മുഖത്തടിക്കുകയും നെഞ്ചിൽ കടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു.

ബൗൺസർ നൈറ്റ് ക്ലബ്ബുകൾ, ബാറുകൾ, സംഗീതമേളകൾ തുടങ്ങിയ പരിപാടികളിൽ സുരക്ഷാ ചുമതലയ്ക്ക് നിയോഗിക്കുന്നവരാണ് ബൗൺസർമാർ. ബഹളങ്ങൾ തടയുക, പ്രായപരിധി പരിശോധിക്കുക, നിയമങ്ങൾ ലംഘിക്കുന്നവരെ പുറത്താക്കുക എന്നിവയാണ് പ്രധാന ചുമതല. കൊച്ചിയിൽ ഇത്തരം നിരവധി ബൗൺസർ സർവീസ് കമ്പനികളുണ്ട്. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവത്തിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ബൗൺസർമാരെ നിയോഗിച്ചത് വലിയ വിവാദമായിരുന്നു.