ബി.ജെ.പിയിൽ മുതർന്ന നേതാക്കളെല്ലാം പുറത്തേക്ക്, കോഴിക്കോട്ട് ആരുമില്ലേ...?

Monday 26 January 2026 9:09 PM IST

കോഴിക്കോട്: മുതിർന്ന നേതാക്കൾ ഇല്ലാതെയാവും കോഴിക്കോട് ജില്ലയിലെ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയെന്ന് ഏറെക്കുറെ ഉറപ്പ്. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും എം.ടി രമേശ് തൃശ്ശൂരും പി.എസ് ശ്രീധരൻ പിള്ള മത്സരിക്കുകയാണെങ്കിൽ അത് തിരുവല്ലയോ ചെങ്ങന്നൂരോ ആവുമെന്ന് ഏതാണ്ട് ധാരണയിലായെന്നാണ് വിവരം. മുൻപ്കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ കഴക്കൂട്ടത്ത് ജനവിധി തേടും. കോഴിക്കോടൻ ബന്ധമുള്ള മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ കൃഷ്ണദാസ് കാട്ടാക്കടയിൽ നിന്നാണ് മത്സരിക്കുക. മറ്റൊരു മുൻ സംസ്ഥാന അദ്ധ്യക്ഷനായ സി.കെ പദ്മനാഭൻ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. കെ.പി ശ്രീശൻ, വി.വി രാജൻ, പി.രഘുനാഥ് എന്നിവർ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ നേട്ടമുണ്ടാക്കിയ കോഴിക്കോട് നോർത്തിൽ പ്രധാനപ്പെട്ട നേതാക്കളിലാരെങ്കിലും മത്സരിക്കാനെത്തുമെന്നായിരുന്നു പ്രതീക്ഷ. കെ.സുരേന്ദ്രൻ, എം.ടി രമേശ്, ശ്രീധരൻ പിള്ള, പി.ടി ഉഷ തുടങ്ങിയവരുടെ പേരുകൾ ഇവിടെ ഉയർന്നു വന്നിരുന്നു. എന്നാൽ മുതിർന്ന നേതാക്കളില്ലാത്തത് തിരിച്ചടിയാവുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

നിലവിലെ സാഹചര്യത്തിൽ സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി പ്രകാശ്ബാബു, മുൻ ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ, മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് എന്നീ പേരുകളാണ് നോർത്തിൽ പരിഗണിക്കുന്നത്. മുസ്ലിംലീഗ്, ഐ.എൻ.എൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന കോഴിക്കോട് സൗത്തിൽ നവ്യ ഹരിദാസ്, കൗൺസിലർ ടി.രനീഷ്, ജനറൽസെക്രട്ടറി ടി.വി ഉണ്ണികൃഷ്ണൻ എന്നിവരുടെ പേരുകൾ സാധ്യതാ പട്ടികയിലുണ്ട്.

എൻ.ഡി.എക്ക് മുപ്പതിനായിരത്തോളം വോട്ടുകളുള്ള എലത്തൂരിൽ കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ടി.ദേവദാസ്, സംസ്ഥാനവക്താക്കളായ വി.പി ശ്രീപദ്മനാഭൻ, ടി.പി ജയചന്ദ്രൻ എന്നിവരിലാരെങ്കിലും എത്തിയേക്കും. കുന്നമംഗലത്ത് വി.കെ സജീവന്റേയും ജില്ലാ ജനറൽസെക്രട്ടറി എം.സുരേഷിന്റേയും പേരുകൾ പരിഗണനയിലുണ്ട്. ബേപ്പൂരിൽ ജില്ലാ ജനറൽസെക്രട്ടറി രമ്യ മുരളിയോ ടി.രനീഷോ ഇറങ്ങിയേക്കാനാണ് സാധ്യത. കൊയിലാണ്ടി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ പ്രഫുൽകൃഷ്ണൻ ഉറപ്പിച്ചു കഴിഞ്ഞു. ബാലുശ്ശേരിയിൽ എസ്.സി മോർച്ച് സംസ്ഥാന ജനറൽസെക്രട്ടറി വി.സി ബിനീഷ്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സി.പി സതീശൻ, കഴിഞ്ഞതവണത്തെ സ്ഥാനാർത്ഥി ലിബിൻ ബാലുശ്ശേരി എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. ബി.ഡി.ജെ.എസും കാമരാജ് കോൺഗ്രസും ആവശ്യമുന്നയിച്ച പേരാമ്പ്രയിൽ ജില്ലാ വൈസ് സ്പ്രസിഡൻറുമാരായ കെ.അനൂപും ടി.പി രാജേഷും പരിഗണനയിലുണ്ട്. കുറ്റ്യാടിയിൽ ജില്ലാ ജനറൽസെക്രട്ടറി പി.പി മുരളിയും നാദാപുരത്ത് സംസ്ഥാന കമ്മിറ്റി അംഗം എൻ.പി രാജനുമാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.