പദ്മ പുരസ്കാരം ശ്രീനാരായണ ഗുരുവിന് സമർപ്പിക്കുന്നു,​ ജനങ്ങൾക്ക് നന്ദിയെന്ന് വെള്ളാപ്പള്ളി നടേശൻ

Sunday 25 January 2026 9:14 PM IST

കോട്ടയം: പദ്മ പുരസ്കാര നേട്ടത്തിൽ പ്രതികരിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾ കിട്ടിയ അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും അവാർഡ് ശ്രീനാരായണ ഗുരുവിന് സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആരാണ് പുരസ്കാരത്തിന് ശുപാർശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവാർഡിൽ ഒരുപാട് പേർ നല്ലത് പറയുന്നു. കുറേ പേർ ചീത്ത പറയുന്നു. ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല. സംസ്ഥാന സർക്കാർ പേര് നിർദ്ദേശിച്ചോ എന്നറിയില്ല. അവാർഡ് നാരായണ ഗുരുവിന് സമർപ്പിക്കുന്നു. മമ്മൂട്ടിക്കും എനിക്കും അവാർഡുകൾ കിട്ടി. ഞങ്ങൾ രണ്ടുപേരും ഒരേ മാസത്തിൽ ജനിച്ചവരാണ്. എൻ.എസ്.എസ്- എസ്.എൻ.ഡി.പി ഐക്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല. ഞാൻ ഐക്യത്തിന് തകർച്ച ഉണ്ടാക്കില്ല. ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വെളളാപ്പള്ളി നടേശനും മമ്മൂട്ടിയും ഉൾപ്പെടെ 8 മലയാളികൾക്കാണ് പദ്മപുരസ്കാരങ്ങൾ ലഭിച്ചത്. വി.എസിനും ജസ്റ്രിസ് കെ.ടി. തോമസിനും പി.നാരായണനും പദ്മവിഭൂഷണും മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പദ്മഭൂഷണുമാണ് ലഭിച്ചത്. കലാമണ്ഡലം വിമലാമേനോൻ,​ പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകിയമ്മ,​ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനും ഇന്ത്യയിലെ റോക്കറ്റ് പ്രൊപ്പൽഷന്റെ മുഖ്യശില്പിയുമായ ഡോ.എ.ഇ. മുത്തുനായകം എന്നിവർ പദ്മശ്രീ പുരസ്കാരവും നേടി.