മുതലക്കുളത്ത് വരും സൗകര്യമുള്ള ബസ് സ്റ്റോപ്പ്; ചെലവ് 34 ലക്ഷം

Sunday 25 January 2026 9:15 PM IST

യാത്രക്കാർക്ക് ഇരിപ്പിട സൗകര്യമുൾപ്പെടെ ഒരുക്കും

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പായ മുതലക്കുളത്ത് അധികം വെെകാതെ പുതിയ ബസ് വെയിറ്റിംഗ് ഷെഡ് വരും. നിർമ്മാണത്തിന്റെ ഭാഗമായി നിലവിലുള്ളത് പൊളിച്ചു. നേരത്തേയുള്ളതിനെക്കാൾ ഇരിപ്പിട സൗകര്യമുൾപ്പെടെ വർദ്ധിപ്പിച്ചാണ് 34 ലക്ഷം ചെലവിൽ പുതിയത് പണിയുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. അഹമ്മദ് ദേവർകോവിൽ എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ദിവസേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന പ്രധാന ബസ് സ്റ്റോപ്പാണ് ഇത്. ബസുകൾക്ക് നിൽക്കാൻ ബസ് ബേയുമുണ്ടാകും. അധികം ദൂരെയല്ലാതെ ഓട്ടോ സ്റ്റാൻഡും നിർമ്മിക്കും. ഇപ്പോൾ ഓട്ടോകൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് കൂടി നീട്ടിയാണ് പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നത്. യാത്രക്കാർക്ക് ഇരിപ്പിട സൗകര്യവുമുണ്ടാകും. മഴ പെയ്തതാൽ നനയാത്ത വിധത്തിലാകും നിർമ്മാണം. ബസ് വെയിറ്റിംഗ് ഷെഡ് പരിസരത്ത് ഓട്ടോ സ്റ്റാൻഡിന് മറ്റൊരു സ്ഥലം കണ്ടെത്തേണ്ടിവരും. ഒട്ടേറെ യാത്രക്കാർ ഓട്ടോകളെ ആശ്രയിക്കുന്നുണ്ട്. എവിടെയാണ് ഓട്ടോകൾക്ക് സ്ഥലം അനുവദിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന് ട്രാഫിക് പൊലീസ് വ്യക്തമാക്കി.