മലമ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലേക്ക്
കഞ്ചിക്കോട്: മലമ്പുഴ നിയോജക മണ്ഡലത്തിലെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ തുടങ്ങി. ട്രേഡ് യൂണിയനുകൾക്ക് നിർണ്ണായക സ്വാധീനമുള്ള മേഖലയാണിത്. സംസ്ഥാന രൂപീകരണം മുതൽ സി.പി.എമ്മിനെ മാത്രം വിജയിപ്പിച്ച മണ്ഡലം. സംസ്ഥാന മുഖ്യമന്ത്രിമാരുൾപ്പെടെ പ്രമുഖരെ നിയമസഭയിലേക്ക് അയച്ച മണ്ഡലം. എൽ.ഡി.എഫും എൻ.ഡി.എയും ഏറ്റുമുട്ടുന്ന ചുരുക്കം മണ്ഡലങ്ങളിൽ ഒന്ന് തുടങ്ങി ഒരുപാട് സവിശേഷതകളുള്ള മണ്ഡലം കൂടിയാണ് മലമ്പുഴ. ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇത്തവണയും നിലവിലുള്ള എം.എൽ.എ എ.പ്രഭാകരൻ മത്സരിക്കുമെന്നാണ് സൂചന. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ മത്സരിക്കാനാണ് സാദ്ധ്യത. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ധാരണയായിട്ടില്ല. ഇപ്പോഴത്തെ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പനും കണ്ണൂരിൽ നിന്ന് എത്തിയ സതീശൻ പാച്ചേനിയും കരുത്ത് തെളിയിച്ച മണ്ഡലത്തിൽ പിന്നീട് കോൺഗ്രസ് പിറകോട്ട് പോവുകയായിരുന്നു. മൂന്നാം സ്ഥാനക്കാരെന്ന അപഖ്യാതി മാറ്റിയെടുക്കണമെന്ന നിർദ്ദേശമാണ് സംസ്ഥാന നേത്യത്വം നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ, ബ്രുവറി വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ മുൻ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.രേവതി ബാബു എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. ത്രിതല പഞ്ചായത്തിലെ കണക്കുകൾ സി.പി.എമ്മിന് അനുകൂലമാണ്. മണ്ഡലത്തിലെ എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മുണ്ടൂർ, പുതുപ്പരിയാരം പഞ്ചായത്തുകൾ സി.പി.എം ആണ് ഭരിക്കുന്നത്. മുൻ മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും ധനമന്ത്രിയായിരുന്ന ടി.ശിവദാസമേനോനും പ്രതിനിധാനം ചെയ്ത മലമ്പുഴ, കണ്ണൂർ ജില്ലയിലെ ചുവപ്പ് കോട്ടകളായ മണ്ഡലങ്ങൾക്ക് സമാനമായ മണ്ഡലമാണ്. ഇത്തവണ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നാണ് സി.പി.എമ്മിന്റെ അവകാശവാദം. അകത്തേത്തറയിലെ വിജയവും മലമ്പുഴ, എലപ്പുള്ളി പഞ്ചായത്തുകളിലുണ്ടാക്കിയ മുന്നേറ്റവും ബി.എം.എസ് ശക്തികേന്ദ്രമെന്ന നിലയിൽ പുതുശ്ശേരി പഞ്ചായത്തിലുള്ള വോട്ട് ബാങ്കുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ബി.ജെ.പിയുടെ ലിസ്റ്റിൽ എ ക്ലാസ് മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് മലമ്പുഴ. മരുതറോഡ് പഞ്ചായത്ത് മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. എല്ലാ പഞ്ചായത്തിലും പരമ്പരാഗത വോട്ട് ബാങ്ക് ഉണ്ടെന്നും ഇത് പ്രയോജനപ്പെടുത്താൻ കഴിയുന്ന സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ നല്ലൊരു മുന്നേറ്റം കാഴ്ചവെക്കാനാവുമെന്നും കോൺഗ്രസ് കരുതുന്നു.