നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് നാളെ മുതൽ
പാലക്കാട്: കേരളത്തിലൂടെ അനുവദിച്ച പുതിയ അമൃത് ഭാരത് എക്സ്‌പ്രസ് ട്രെയിനുകളിൽ നാഗർകോവിലിൽ നിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്കും തിരിച്ചുമുള്ള പ്രതിവാര ട്രെയിൻ(16329-30) നാളെ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ആദ്യ സർവീസ് നാളെ രാവിലെ 11.40ന് നാഗർകോവിലിൽ നിന്നാരംഭിക്കും. തുടർന്ന് കേരളത്തിൽ പ്രവേശിക്കുന്ന ട്രെയിൻ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്ക് മംഗളൂരു ജംഗ്ഷനിലെത്തും. തിരുവനന്തപുരം സെൻട്രൽ(ഉച്ചയ്ക്ക് 1.10), വർക്കല ശിവഗിരി(1.44), കൊല്ലം(2.15), കരുനാഗപ്പള്ളി(2.43), കായംകുളം(03.02), മാവേലിക്കര(3.13), ചെങ്ങന്നൂർ(3.25), തിരുവല്ല(3.36), ചങ്ങനാശ്ശേരി(3.45), കോട്ടയം(4.07), എറണാകുളം ടൗൺ(6), ആലുവ(6.43), തൃശൂർ(8.17), ഷൊർണൂർ(9.10), തിരൂർ(9.53), കോഴിക്കോട്(10.37), തലശ്ശേരി(12.20), കണ്ണൂർ(12.47), കാസർകോട്(1.55) എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്. മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ രാവിലെ 8ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിൽ എത്തും. ട്രെയിൻ രാവിലെ 10.37 കോഴിക്കോടും 11.12ന് തിരൂരിലും 12.25ന് ഷൊർണൂരിലുമെത്തും.
8 സ്ലീപ്പർ ക്ലാസ് കോച്ചു, 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1 പാൻട്രി കാർ, 2 ജനറൽ സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുകൾ ആണ് ട്രെയിനിൽ ഉണ്ടാവുക.
സാധാരണക്കാർക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കിൽ വേഗതയേറിയ യാത്ര നൽകും എന്നതാണ് അമൃത് ഭാരത് എക്‌പ്രസിന്റെ സവിശേഷത. ഈ ട്രെയിനുകളിൽ എ.സി കോച്ചുകൾ ഉണ്ടായിരിക്കില്ല. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന അമൃത് ഭാരത് ട്രെയിനുകൾ സെമി ഹൈ സ്പീഡ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
അതേസമയം നാഗർകോവിൽ-മംഗളൂരു അമൃത് ഭാരതിന്റെ സമയക്രമത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നാഗർകോവിൽ-മംഗളൂരു യാത്രയ്ക്ക് ട്രെയിൻ 17.20 മണിക്കൂർ എടുക്കുന്നുണ്ട്. അതേസമയം ഇതേ ട്രെയിൻ മംഗളൂരുവിൽ നിന്ന് നാഗർകോവിലിൽ എത്താൻ 14.05 മണിക്കൂറേ എടുക്കുന്നുള്ളു.
താത്കാലിക സ്റ്റോപ്പ്
തിരുനാവായയിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യാർത്ഥം മൂന്ന് ട്രെയിനുകൾക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഒരു മിനിറ്റ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം നോർത്ത്-മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്‌പ്രസ്(16355) ട്രെയിനിന് ജനുവരി 31നും കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസിന്(12081) ഇന്നും ജനുവരി 31നും ചെന്നൈ-മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന്(12685) ജനുവരി 30, 31 തീയതികളിലുമാണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.