കാസർകോട്ട് കെ.എം ഷാജി ഒത്തുതീർപ്പ് സ്ഥാനാർത്ഥി
കാസർകോട്: കാസർകോട് മണ്ഡലത്തിലെ മുസ്ലിംലീഗ് സ്ഥാനാർത്ഥി നിർണ്ണയം സങ്കീർണ്ണമാകുന്ന ഘട്ടം വന്നാൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി ലീഗിലെ തീപ്പൊരി പ്രാസംഗികൻ കെ.എം ഷാജിക്ക് നറുക്ക് വീഴും. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജില്ലാ ട്രഷറർ മുനീർ ഹാജി എന്നിവരുടെ പേരുകൾ മത്സരരംഗത്തേക്ക് നേരത്തെ ഇവിടെ ഉയർന്നുകേൾക്കുന്നുണ്ട്. ഇരുവരുക്കും ലീഗ് നേതൃത്വത്തിലും പാണക്കാട് തങ്ങൾ കുടുംബത്തിലും നല്ല പിടിപാടുമുണ്ട്.
ഇതിൽ കല്ലട്ര മാഹിൻ ഹാജിക്കാണ് പരിഗണനയിൽ മുൻതൂക്കം. സ്ഥാനാർത്ഥി പട്ടികയിൽ ഒന്നാം സ്ഥാനത്തും ഇദ്ദേഹമാണുള്ളത്. കാസർകോട് സ്ഥാനാർത്ഥിയായി യുവനിരയെ പരിഗണിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ മകനും മണ്ഡലം സെക്രട്ടറിയുമായ നാസർ ചെർക്കളം എന്നിവരിൽ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. മൂന്നു തവണ കാസർകോട് മണ്ഡലത്തെ പ്രതിനിധീകരിച്ച എൻ.എ നെല്ലിക്കുന്നിന് സീറ്റുണ്ടാകില്ലെന്ന് സാങ്കേതികമായി പറയുന്നുണ്ട്. എന്നാൽ എൻ.എ നെല്ലിക്കുന്ന് നാലാമതും അങ്കം കുറിക്കാൻ ഇറങ്ങുമെന്ന പ്രതീതിയിൽ മണ്ഡലത്തിൽ എല്ലായ്പ്പോഴും സക്രിയമാണ്. മൂന്ന് ടേമിൽ ഇളവ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീർ തുടങ്ങി പാർട്ടിയിലെ മുതിർന്ന ചില നേതാക്കൾക്ക് മാത്രമാണ് ലഭിച്ചത്.
അതിനിടെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് കെ.എം ഷാജിയെ സ്ഥാനാർത്ഥിയാക്കുന്നത് തടയാൻ ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നുണ്ട്. കെ.എം ഷാജി കാസർകോട് മത്സരിച്ചാൽ അദ്ദേഹത്തിന്റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്നും നിഷ്പക്ഷ വോട്ടുകൾ കിട്ടില്ലെന്നും പ്രചാരണം നടത്തുന്നത് മുസ്ലിംലീഗിലെ സ്ഥാനാർത്ഥി മോഹികൾ തന്നെയാണെന്ന് പറയുന്നുണ്ട്. കെ.എം ഷാജി കാസർകോട്ട് മത്സരിച്ചാൽ യുവാക്കളുടെ പതിനായിരം വോട്ടുകൾ കൂടുതൽ കിട്ടുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിൽ അങ്കം കുറിക്കുന്നതിന്റെ ഭാഗമായി കെ.എം ഷാജി ഇടയ്ക്കിടെ കാസർകോട് ജില്ലയിൽ വരുന്നുണ്ട്.
നേരത്തെ മത്സരിച്ച അഴീക്കോട് സീറ്റിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് ഷാജി ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സീറ്റ് നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും ഷാജി സമ്മതം മൂളാത്തത് കാസർകോട് സീറ്റിൽ കണ്ണുനട്ടാണ്.
ലീഗിന്റെ 'പൊന്നാപുരം കോട്ട'
ലീഗിലെ ആരു മത്സരിച്ചാലും ജയിക്കുന്ന 'പൊന്നാപുരം കോട്ട' ആയിട്ടാണ് കാസർകോട് മണ്ഡലത്തെ കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ 25,000 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തുമാണ്. ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ 15,000 വോട്ടിന്റെ വ്യത്യാസമുണ്ട്.