അടിയോടടി ! കിവീസിനെ നിലംപരിശാക്കി ഇന്ത്യ, ജയം 10 ഓവര്‍ ബാക്കി നില്‍ക്കെ; പരമ്പര സ്വന്തം

Sunday 25 January 2026 9:50 PM IST

ഗുവാഹത്തി: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പര 3-0ന് സ്വന്തമാക്കി ഇന്ത്യ. രണ്ട് മത്സരങ്ങള്‍ അവശേഷിക്കെയാണ് ഇന്ത്യയുടെ നേട്ടം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ അഭിഷേക് ശര്‍മ്മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായത് ആരാധകരെ കടുത്ത നിരാശരാക്കി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായി. 0(1) താരത്തെ മാറ്റ് ഹെന്റി ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ 28(13) ആണ് പുറത്തായ മറ്റൊരു ബാറ്റര്‍. അഭിഷേക് ശര്‍മ്മ 68*(20), സൂര്യകുമാര്‍ യാദവ് 57*(26) എന്നിവര്‍ 102* റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. അഭിഷേക് ഏഴ് ഫോറും അഞ്ച് സിക്‌സും പായിച്ചപ്പോള്‍ നായകന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സറുകളും പിറന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറുകളില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് ആണ് കുറിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കൂട്ടായ പ്രകടനമാണ് കിവീസിനെ പിടിച്ചുനിര്‍ത്തിയത്. ന്യൂസിലാന്‍ഡ് നിരയിലെ ഒരാള്‍ക്ക് പോലും അര്‍ദ്ധ സെഞ്ച്വറി കുറിക്കാന്‍ കഴിഞ്ഞില്ല. മോശം ഫോം തുടരുന്ന ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ 1(2)യുടെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടു. സഹ ഓപ്പണര്‍ ടിം സീഫര്‍ട്ട് 12(11), രചിന്‍ രവീന്ദ്ര 4(5) എന്നിവരും പെട്ടെന്ന് മടങ്ങി.

നാലാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്സ് 48(40) മാര്‍ക് ചാപ്മാന്‍ 32(23) എന്നിവര്‍ നേടിയ 52 റണ്‍സ് കൂട്ടുകെട്ടാണ് ന്യൂസിലാന്‍ഡിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഡാരില്‍ മിച്ചല്‍ 14(8), കൈല്‍ ജാമിസണ്‍ 3(5), മാറ്റ് ഹെന്റി 1(1) എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ 27(17) റണ്‍സ് നേടി. ഇഷ് സോദി 2*(5), ജേക്കബ് ഡഫി 4*(3) എന്നിവര്‍ കിവീസ് നിരയില്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ബൗളിംഗില്‍ തിളങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്ണോയി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഹര്‍ഷിത് റാണയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.