അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പദ്മ പുരസ്കാരങ്ങൾ, കേരളത്തിനുള്ള അംഗീകാരമെന്ന് രാജീവ് ചന്ദ്രശേഖർ

Sunday 25 January 2026 10:10 PM IST

തിരുവനന്തപുരം: അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പദ്മ പുരസ്കാരങ്ങൾ എത്തുന്ന ഈ കാലത്ത് കേരളത്തിലേക്കെത്തിയ പുരസ്‌കാരങ്ങൾക്ക് തിളക്കം ഏറുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പദ്മ പുരസ്കാരങ്ങൾ കേരളത്തിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അന്തരിച്ച മുൻമുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി ദിനപത്രത്തിന്റെ മുൻ പത്രാധിപരും മുതിർന്ന എഴുത്തുകാരനുമായ പി. നാരായണൻ എന്നിവർക്ക് ലഭിച്ച രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ എല്ലാ മലയാളികൾക്കും ഏറെ അഭിമാനകരമാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത് ഏറെ സന്തോഷകരം തന്നെ . പിന്നാക്ക ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ വി.എസ് .അച്യുതാനന്ദനും ഈഴവ സമുദായ നേതാവും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും ലഭിച്ച അംഗീകാരം ഏറെ ശ്രദ്ധേയമായി. സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ മുതിർന്ന കാര്യകർത്താവും മുൻ ജന്മഭൂമി എഡിറ്ററുമായ പി. നാരായന് ലഭിച്ച പദ്മവിഭൂഷൺ മാദ്ധ്യമ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.

കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പദ്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇതെല്ലാ മലയാളികൾക്കുള്ള അംഗീകാരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.