ലക്ഷ്യം ഉപഭോഗ ഉണർവ്, വളർച്ച, സ്ഥിരത
വികസിത ഇന്ത്യയിലേക്ക് പാതയൊരുക്കാൻ നിർമ്മല സീതാരാമൻ
കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ മറികടക്കാൻ ആഭ്യന്തര ഉപഭോഗത്തിന് ഉണർവേകുന്ന ധന സമീപനമാകും ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബഡ്‌ജറ്റിലുണ്ടാകുക. 2047ൽ ഇന്ത്യയെ വികസിത രാജ്യമായി ഉയർത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് വിപണിയിൽ അധിക പണം ലഭ്യമാക്കി സ്ഥിരതയോടെ വളർച്ച ഉറപ്പാക്കാനുള്ള നയങ്ങൾ പ്രഖ്യാപിച്ചേക്കും. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവയിൽ വലയുന്ന കയറ്റുമതി മേഖലയ്ക്ക് ആശ്വാസം പകരാനുള്ള നടപടികളും ബഡ്‌ജറ്റിലുണ്ടാകും. പുതിയ വിപണികൾ കണ്ടെത്താനും ആഗോള തലത്തിൽ മത്സരക്ഷമത കൈവരിക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യവസായ മേഖലയ്ക്കായി കയറ്റുമതി ആനുകൂല്യങ്ങളും കസ്‌റ്റംസ് നികുതിയുടെ ഏകീകരണവും ഉൾപ്പെടെയുള്ള നടപടികളും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ബഡ്‌ജറ്റിൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഒഴിവാക്കിയതിനാൽ ഇത്തവണ ഇടത്തരക്കാർക്കായി വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കില്ല.
പ്രധാന ബഡ്‌ജറ്റ് പ്രതീക്ഷകൾ
1. ഇടത്തരം ശമ്പളക്കാർക്കായി സ്‌റ്റാൻഡേർഡ് ഡിഡക്‌ഷൻ ഒരു ലക്ഷം രൂപയായി ഉയർത്തിയേക്കും
2. ഓഹരികളിൽ നിന്നുള്ള ദീർഘകാല മൂലധന നേട്ട ഇളവ് 1.25 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയാക്കിയേക്കും
3. റോഡുകൾ, റെയിൽവേ, പശ്ചാത്തല വികസനം, ഗ്രീൻഎനർജി എന്നിവയ്ക്ക് അധിക മൂലധന നിക്ഷേപം
4. ആഗോള അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ധനകമ്മി ജി.ഡി.പിയുടെ 4.4 ശതമാനമായി നിലനിറുത്തും
5. മാനുഫാക്ചറിംഗ് മേഖലയ്ക്കായി പുതിയ ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതികൾ(പി.എൽ.ഐ)
6. ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കായി അധിക തുകയും കോർപ്പറേറ്റ് പങ്കാളിത്തത്തിന് പ്രത്യേക പദ്ധതിയും
7. പ്രവാസി ഇന്ത്യയ്ക്കാർക്ക് 182 ദിവസത്തെ റെസിഡൻസി നിയമം സങ്കീർണതകൾ ഒഴിവാക്കി പുനസ്ഥാപിച്ചേക്കും
8. ചെറുകിട ഉപഭോക്താക്കൾക്ക് ആശ്വാസമാകാൻ ഭവന വായ്പാ പലിശ ഇളവ് പരിധി അഞ്ച് ലക്ഷമായി ഉയർത്തിയേക്കും
9. വിവാഹിതരായ ദമ്പതികൾക്ക് സംയുക്ത ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസരം