പള്ളിപ്പുറത്തെ കുടിവെള്ളക്ഷാമം: ഉടൻ പരിഹാരം,​ നടപടികൾ തുടങ്ങി

Monday 26 January 2026 1:41 AM IST

വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യുടെ നിർദ്ദേശാനുസൃതം ജല അതോറിറ്റി നടപടികൾ ആരംഭിച്ചു. ഉദ്യോഗസ്ഥരും വാർഡ് അംഗങ്ങളും ക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ചാണ് പ്രവൃത്തികൾക്ക് തുടക്കമിട്ടത്. ചെറായി ജംഗ്ഷൻ മുതൽ മുനമ്പം വരെയുള്ള ഫീഡർലൈൻ പ്രൊപ്പോസൽ ജിഡയ്ക്ക് നൽകും. ചൊവ്വര, ആലുവ ശുദ്ധീകരണ പ്ലാന്റുകളിൽ നിന്ന് വൈപ്പിൻ മേഖലയിലേക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

പള്ളിപ്പുറം ഒന്നാം വാർഡിൽ പൈപ്പിടാനായി പൊളിച്ച പഞ്ചായത്ത് റോഡ് ഉടൻ പുനരുദ്ധരിക്കുമെന്ന് ജല അതോറിറ്റി ഉറപ്പുനൽകി. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.ജയൻ, വൈസ് പ്രസിഡന്റ് രമണി അജയൻ, വാർഡ് മെമ്പർമാർ, ജല അതോറിറ്റി എൻജിനിയർമാരായ രതീഷ് കുമാർ, രാജേഷ് ലക്ഷ്മൺ, തെരേസ റിനി, ഓവർസിയർ റിതീഷ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ആലുവയിൽ പുതുതായി നിർമ്മിക്കുന്ന 190 എം.എൽ.ഡി. പ്ലാന്റ് പൂർത്തിയാകുന്നതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. പ്ലാന്റ് നിർമ്മാണം വേഗത്തിലാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും.

കെ.എൻ.ഉണ്ണിക്കൃഷ്ണൻ

എം.എൽ.എ.