രക്തസാക്ഷി ഫണ്ട് വിവാദം, വി. കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് പുറത്തേക്ക്, സി.പി.എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം നടക്കും. ഇന്നലെ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കടുത്ത അച്ചടക്ക ലംഘനമാണ് കുഞ്ഞികൃഷ്ണൻ നടത്തിയെന്ന് വിലയിരുത്തിയാണിത്.
പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദത്തിന് തുടക്കമിട്ടത്. പാർട്ടി നേതൃത്വത്തിന് പലതവണ തെളിവുകളുൾപ്പെടെ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി പ്രതികരിക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പയ്യന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നതെന്നും 2011ലെ തിരഞ്ഞെടുപ്പ് കണക്കിലും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. അതേസമയം,കുഞ്ഞികൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ സി.പി.എം അനുഭാവികൾ കടുത്ത ആക്രമണം തുടരുകയാണ്.
നീക്കം പാർട്ടിയെ
തകർക്കാനുദ്ദേശിച്ച്
നിർണായക ഘട്ടത്തിൽ പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണൻ ആസൂത്രിതമായി പ്രവർത്തിച്ചതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ വിമർശിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എല്ലാ നേതാക്കളും കുഞ്ഞികൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ടു.
പുറത്താക്കൽ നടപടി പ്രതീക്ഷിച്ചതാണ്. പാർട്ടിക്കകത്ത് അമ്പത് വർഷമായി പ്രവർത്തിച്ചുവരുന്നുവെങ്കിലും ഇതിനകത്ത് നടക്കുന്ന അപചയങ്ങളെ തുറന്നുകാട്ടാതെ കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ മുന്നോട്ടുപോവാനാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ഒരിക്കിലും സംഭവിക്കരുതെന്ന് വിശ്വസിച്ച കാര്യങ്ങൾ സംഭവിച്ചതിനാലാണ് എല്ലാം പറഞ്ഞത്. -വി. കുഞ്ഞികൃഷ്ണൻ
പയ്യന്നൂർ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വി.കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിയുണ്ടാവും. ജില്ലാ സെക്രട്ടറിക്ക് എല്ലാ കാര്യങ്ങളും ബോദ്ധ്യമുണ്ട്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിയുള്ളവർക്ക് പൊലീസിനെ സമീപിക്കാം. എന്നാൽ സംഘടനാപരമായ കാര്യങ്ങളിൽ മാദ്ധ്യമങ്ങൾ ഇടപെടേണ്ടതില്ല. എം.വി.ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി