സച്ചുവിന് സ്നേഹവീടൊരുക്കാൻ നാഷണൽ സർവീസ് സ്‌കീം എൻ.എസ്.എസ് കണ്ടെത്തുക 10 ലക്ഷം രൂപ ഉന്നതതല യോഗം വിളിക്കാൻ സർക്കാർ

Monday 26 January 2026 1:01 AM IST

കൊച്ചി: നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി സ്‌കൂൾ കലോത്സവത്തിൽ കേരളകൗമുദി കണ്ടെത്തിയ സച്ചു സതീഷിന് വിദ്യാഭ്യാസ വകുപ്പിന് വേണ്ടി നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) വീടുവച്ച് നൽകും. കാസർകോട് കമ്പല്ലൂർ ഗവ. എച്ച്.എസ്.എസിലെ പ്ലസ്‌വൺ വിദ്യാർത്ഥിയായ സച്ചുവിനെ കൂലിപ്പണിചെയ്‌താണ് അമ്മ ബിന്ദു തൃശൂരിൽ നടന്ന കലോത്സവ വേദിയിലേക്കയച്ചത്. ഭരതനാട്യമുൾപ്പെടെ മൂന്നിനങ്ങളിൽ എ ഗ്രേഡും നേടി. ഇതുസംബന്ധിച്ച് ജനുവരി 16ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇതേത്തുടർന്നാണ് സച്ചുവിനും അമ്മയ്‌ക്കും 15 ലക്ഷം രൂപയ്‌ക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്. വീടിനായി സ്ഥലം സൗജന്യമായി കണ്ടെത്തുമെന്ന് റവന്യു മന്ത്രി കെ. രാജനും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എൻ.എസ്.എസിന് 20 ജില്ലകളാണുള്ളത്. ഓരോ ജില്ലയിൽ നിന്നും 50,000 രൂപ വീതം സമാഹരിക്കാനാണ് ലക്ഷ്യം. ഇങ്ങനെ 10 ലക്ഷം രൂപ കണ്ടെത്തും. ബാക്കി തുക വിദ്യാഭ്യാസ വകുപ്പ് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി കേരളകൗമുദിയോട് പറഞ്ഞു. 25 ദിവസത്തിനുള്ളിൽ വീട് നിർമ്മാണം ആരംഭിക്കും. സാധനങ്ങളും എൻ.എസ്.എസിന് സംഭാവന നൽകാം.

 നിർമ്മാണത്തിന് കോൺട്രാക്ടറെ കണ്ടെത്തും വീട് നിർമ്മാണം ആലോചിക്കാൻ ചേർന്ന എൻ.എസ്.എസ് പ്രാഥമിക യോഗത്തിൽ പ്ലാൻ തയ്യാറാക്കാനും കോൺട്രാക്ടറെ കണ്ടെത്താനും കാസർകോട് റീജിയണൽ കോ-ഓർഡിനേറ്ററെ ചുമതലപ്പെടുത്തി. കാസർകോട് എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ മനോജ് അദ്ധ്യാപകനായ സ്‌കൂളിലാണ് സച്ചു പഠിക്കുന്നത്. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ- റവന്യു മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. കാസർകോട് കളക്ടറെ ഇതിലേക്ക് ക്ഷണിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

നാഷണൽ സർവീസ് സ്‌കീമിന്റെ തീരുമാനം മാതൃകാപരവും അഭിനന്ദനാർഹവുമാണ്. സച്ചുവിന് അർഹമായ അംഗീകാരം കൂടിയാണ് ഈ സ്നേഹവീട്. വി. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി

അതിവേഗ നടപടികളിലേക്കാണ് എൻ.എസ്.എസ് കടക്കുന്നത്. പെട്ടെന്ന് നിർമ്മാണം തുടങ്ങാമെന്നാണ് പ്രതീക്ഷ.

ഡോ. ഷാജിത എസ് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അക്കാഡമിക് & ഹയർ സെക്കൻഡറി സ്‌റ്റേറ്റ് കോഓർഡിനേറ്റർ