മുഖ്യമന്ത്രിയോടും സോണിയാഗാന്ധിയോടും ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

Monday 26 January 2026 1:05 AM IST

തിരുവനന്തപുരം: ഉപലോകായുക്തയായിരുന്ന ജസ്റ്റിസ്റ്റ് ബാബു മാത്യുജോസഫിനെ ചട്ടങ്ങൾ ലംഘിച്ച് തദ്ദേശ ഓംബുഡ്സ്മാനായി നിയമിച്ചതിലും ഗവർണറുടെ പ്രസംഗത്തിൽ നിയമസഭാ രേഖകളിൽ മാറ്റം വരുത്തിയതിലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഉണ്ണികൃഷ്ണൻപോറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ അജൻഡ എന്തെന്ന് സോണിയഗാന്ധിയും കോൺഗ്രസും വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അനധികൃത തദ്ദേശ ഓംബുഡ്സ്മാൻ നിയമനത്തിനെതിരെ ഗവർണർക്ക് ബി.ജെ.പി നിവേദനം നൽകിയിട്ടുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്തിയത് ഭരണഘടനാ പ്രകാരമാണോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. സി.പി.എമ്മും അവരുടെ എം.പിമാരുമാണ് ഭരണഘടന സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നത്. അവരാണ് ഭരണഘടനാ പദവിയിലുള്ള ഗവർണറുടെ പ്രസംഗം മാറ്റിയത്. ഗവർണറുടെ പ്രസംഗം നിയമസഭയിൽ ഭേദഗതി ചെയ്യുന്നത് രാജ്യത്ത് തന്നെ ആദ്യമാണ്. ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ അജൻഡ എന്തെന്ന് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും മതേതരമാണെന്ന് പറയുന്ന കോൺഗ്രസുകാർ വ്യക്തമാക്കണം. സോണിയാഗാന്ധി കോൺഗ്രസ് പ്രസിഡന്റും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ആയിരുന്നപ്പോഴാണ് കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും ഉണ്ണികൃഷ്ണൻപോറ്റി കണ്ടു എന്നു പറഞ്ഞാണ് എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ സോണിയഗാന്ധിയെ ന്യായീകരിക്കുന്നത്.

ശബരിമലയിലെ സ്വർണക്കവർച്ച 15കൊല്ലത്തിലധികമായി നടന്നുവരുന്നതാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രോത്സാഹിപ്പിച്ചത് പിണറായി മാത്രമല്ല, കോൺഗ്രസും സോണിയഗാന്ധിയും കൂടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എസ്.സുരേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.