അനുനയ നീക്കവുമായി ബി.ജെ.പി, എൻ.എസ്.എസ് നേതൃത്വത്തെ സന്ദർശിച്ച് ശ്രീധരൻ പിള്ള
കോട്ടയം: ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുന്ന എൻ.എസ്.എസ് നേതൃത്വവുമായി ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള കൂടിക്കാഴ്ച നടത്തി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി 20 മിനിറ്റ് നടത്തിയ കൂടിക്കാഴ്ചയിൽ ബി.ജെ.പിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ചർച്ചയായി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിച്ചെന്ന് സുകുമാരൻ നായർ തുറന്നടിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പടുത്തതിനാൽ എൻ.എസ്.എസിനെ പിണക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായം. എൻ.എസ്.എസ് - എസ്.എൻ.ഡി.പി യോഗം ഐക്യത്തിന് കളമൊരുങ്ങുമ്പോൾ ഗുണഭോക്താവാകാനും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. ഇന്നലെ രാവിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ ശ്രീധരൻ പിള്ളയ്‌ക്കൊപ്പം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാലുമുണ്ടായിരുന്നു. തന്റെ പുസ്തകങ്ങളും ശ്രീധരൻ പിള്ള സുകുമാരൻ നായർക്ക് നൽകി. ശബരിമലയിലെ നിയമ നിർമ്മാണം, പമ്പാ ശുചീകരണം എന്നീ വിഷയങ്ങളിൽ സുകുമാരൻ നായർ രൂക്ഷമായാണ് ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ചത്.
'സുകുമാരൻ നായർ ഗുരുസ്ഥാനീയനായ വ്യക്തിയാണ്. ബി.ജെ.പിക്കെതിരായ വിമർശനത്തിനെതിരെ ഒന്നും പറയാനില്ല. ഞങ്ങൾ സംസാരിക്കുന്ന കൂട്ടത്തിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാകാം. അത് മാദ്ധ്യമങ്ങളോട് പറയാനില്ല. എൻ.എസ്.എസ് ഒരിക്കലും ബി.ജെ.പിക്കെതിരല്ല".
- അഡ്വ. പി.എസ്. ശ്രീധരൻ പിള്ള
'ശ്രീധരൻ പിള്ളയുടേത് സൗഹൃദ സന്ദർശനമായിരുന്നു. അദ്ദേഹമെഴുതിയ പുസ്തകങ്ങൾ എനിക്ക് തന്നു. അദ്ദേഹവുമായി രാഷ്ട്രീയത്തിനതീതമായ സൗഹൃദമുണ്ട്. അതിൽ അഭിമാനമുണ്ട്".
- ജി. സുകുമാരൻ നായർ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി