സർക്കാരിനെതിരായ ജനവികാരമില്ല: ഗോവിന്ദൻ

Monday 26 January 2026 12:07 AM IST

തിരുവനന്തപുരം: സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തും. പാർട്ടി ജനങ്ങളുമായി കുറേക്കൂടി അടുക്കണമെന്ന് ബോദ്ധ്യമായി. ജനങ്ങളുടെ വിമർശനവും ഉൾക്കൊള്ളും. അവരുടെ നിർദ്ദേശങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ ആരെയും സി.പി.എം സംരക്ഷിക്കില്ല. ഈ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ ആയുധങ്ങൾ ഇപ്പോൾ അവർക്ക് തിരിച്ചടിയായി. പോറ്റി സോണിയയെ കാണാൻ എന്തിന് പോയിയെന്ന ചോദ്യത്തിന് ഉത്തരമില്ല. സ്വർണക്കൊള്ള വിഷയം ഉന്നയിച്ചത് ശരിയായില്ലെന്ന നിലപാടാണ് രാഹുൽഗാന്ധിക്ക്. കൊടിമരത്തിലേക്ക് അന്വേഷണം എത്തിയതോടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എസ്.ഐ.ടിക്കെതിരെ രംഗത്തെത്തിയത്. തന്ത്രി അകത്തായതോടെ ബി.ജെ.പിക്കും മിണ്ടാട്ടമില്ല.

നാല് വോട്ടിന് വേണ്ടി അവസരവാദ നിലപാട് സ്വീകരിക്കുന്ന ആളാണ് സതീശൻ. ജമാ അത്തെ ഇസ്ലാമിയുമായി ഇനിയും കൂട്ടുകൂടുമെന്ന് പറഞ്ഞത് സതീശനാണ്. ലോകം മുഴുവൻ ഇസ്ലാമിക രാജ്യമാവണമെന്ന് വാദിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി. എന്തും പറയാൻ മടിക്കാത്ത വ്യക്തിയാണ് ലീഗ് നേതാവ് കെ.എം.ഷാജി. എ.കെ.ജിയെക്കുറിച്ച് ഷാജി പറഞ്ഞത് തോന്ന്യാസമാണ്.

മന്ത്രി സജിചെറിയാന്റെ പ്രസ്താവനയിൽ അദ്ദേഹം തന്നെ ഖേദപ്രകടനം നടത്തിയിട്ടുള്ളതിനാൽ പാർട്ടി നടപടിയുണ്ടാവില്ല. എന്നാൽ,വർഗീയ പരാമർശങ്ങളുണ്ടാവാൻ പാടില്ലെന്നതാണ് പാർട്ടി നയം. വിഴിഞ്ഞം പദ്ധതി നിശ്ചയദാർഢ്യത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. തുറമുഖ പദ്ധതി പ്രദേശത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.